സുൽത്താൻ ബത്തേരി: വേനലിന്റെ കാഠിന്യം കൂടിയതോടെ പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ആവശ്യക്കാർ അതിനിടയ്ക്ക് വർദ്ധിച്ചപ്പോൾ പാൽ ക്ഷാമം ഏറെ രൂക്ഷമായിരിക്കുകയാണ്. മിൽമയിലും പരമ്പരാഗത സംഘങ്ങളിലും പതിനഞ്ച് മുതൽ ഇരുപത് ശതമാനത്തോളം കുറഞ്ഞ അളവിലാണ് ഇപ്പോൾ പാൽ ലഭിക്കുന്നത്. വേനൽ കടുത്തതോടെ പാലിന്റെ ഉപോത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതാണ് ചെലവ് ഡിമാൻഡ് പ്രകടമായി കൂടാൻ കാരണം. തൈര്, മോര്, ഷെയ്ക്ക് ,ജൂസ്, ഐസ് ക്രീം എന്നിവയ്ക്കെല്ലാം പാൽ വേണം.
പച്ചപ്പുല്ലിനെ ആശ്രയിച്ചാണ് പാലിന്റെ വർദ്ധനവ്. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് പച്ചപ്പുല്ല് കൂടുതലും ഉണ്ടാകുന്നത്. ഉരുക്കൾക്ക് ബീജദാന കുത്തിവെയ്പ്പ് നടത്തുന്നത് ഈ മാസങ്ങളിൽ പ്രസവം നടക്കുന്ന രീതിയിലാണ്. ഡിസംബർ കഴിയുന്നതോടെ മിക്കവാറും ഉരുക്കളുടെ കറവ വറ്റിയിട്ടുണ്ടാകും.
പാലിന്റെ കുറവ് പരിഹരിക്കാൻ തമിഴ്നാട്ടിൽ നിന്നും സംസ്ഥാനത്തെ പരമ്പരാഗത സംഘങ്ങളിൽ നിന്നും പാൽ സംഭരിക്കാനാണ് മിൽമയുടെ തീരുമാനം.
പാലിന്റെ ലഭ്യതക്കുറവ് പരമ്പരാഗത സംഘങ്ങളെ കാര്യമായി ബാധിച്ചില്ലെങ്കിലും മിൽമയ്ക്ക് പാൽ നൽകുന്ന സംഘങ്ങൾക്ക് പഴയ അളവിൽ പാൽ നൽകാൻ കഴിയാത്ത അവസ്ഥയാണ്. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ പാൽ നൽകികൊണ്ടിരിക്കുന്ന പരമ്പരാഗത സംഘമാണ് വയനാട് മിൽക്. പ്രതിദിനം 28,000 ലിറ്റർ പാലാണ് കർഷകരിൽ നിന്ന് സംഭരിച്ച് വിതരണം ചെയ്യുന്നത്. പന്ത്രണ്ടര ശതമാനത്തോളം പാലിന്റെ കുറവ് ഈ സംഘം ഇപ്പോൾ നേരിടുന്നുണ്ട്.
മലബാർ മേഖലയിൽ നിന്ന് മിൽമയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന പാലിൽ 40,000 ലിറ്റർ പാലിന്റെ കുറവാണുണ്ടായത്. കർണാടക മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ നൽകി വന്നിരുന്ന ഒരു ലക്ഷം ലിറ്റർ പാൽ അതിനിടയ്ക്ക് 45,000 ലിറ്ററാക്കി കുറച്ചു. തമിഴ്നാട്ടിലെ മിൽക് മാർക്കറ്റിംഗ് ഫെഡറേഷനിൽ നിന്ന് പാൽ ലഭ്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.