കോഴിക്കോട്: അലൻ ഷുഹൈബിനും താഹ ഫസലിനും സി.പി.എം നീതി നിഷേധിക്കുകയാണെന്ന് അലൻ - താഹ മനുഷ്യാവകാശ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അലനും താഹയും നിരോധിത മാവോയിറ്റ് പ്രസ്ഥാനത്തിലെ അംഗങ്ങളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇവർക്ക് സാമാന്യ നീതി നിഷേധിക്കുകയാണ്. നവംബർ ഒന്നിന് അലനെയും താഹയെയും അറസ്റ്റ് ചെയ്തതിനു ശേഷം വിശ്വാസയോഗ്യമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ യു.എ.പി.എ. വിചാരണത്തടവുകാരായി ജയിലിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ജാമ്യം പോലും ലഭിക്കാത്ത സാഹചര്യമാണ് കോടിയേരിയുടെ പ്രസ്താവന കാരണമുണ്ടായത്.
സർക്കാരിന്റെ നയം പൊലീസ് നടപ്പിലാക്കുകയാണ് സാധാരണഗതിയിൽ ഉണ്ടാവുക. എന്നാൽ സംസ്ഥാനത്ത് പൊലീസിന്റെ നയമാണ് സർക്കാർ നടപ്പിലാക്കുന്നത്.
എന്.ഐ.എ ഏറ്റെടുത്ത കേസ് വീണ്ടും കേരളാ പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് അയച്ചത് സ്വാഗതാർഹമാണ്. അതിന്റെ ഭാഗമായി അമിതാ ഷായ്ക്ക് ഭീമഹർജി നൽകും. ഏപ്രിൽ രണ്ടാം വാരം യു.എ.പി.എ വിരുദ്ധ ദേശീയ കൺവെൻഷൻ സംഘടിപ്പിക്കും.
വാർത്താസമ്മേളനത്തിൽ കമ്മിറ്റി ഉപാദ്ധ്യക്ഷ കെ.അജിത, ഡോ.ആസാദ്, എൻ.പി.ചെക്കുട്ടി, കെ.പി.പ്രകാശൻ എന്നിവർ സംബന്ധിച്ചു.