waste

കോഴിക്കോട്: വീട്ടുവളപ്പിലെ കിണറ്റിൽ കോഴിമാലിന്യം തള്ളി സാമൂഹ്യവിരുദ്ധരുടെ അക്രമം. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി വി.പി. അശോകന്റെ കൊളായിത്താഴത്തെ 'ദീപക് നിവാസി'ലാണ് സംഭവം. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

മെഡിക്കൽ കോളേജ് - കാരന്തൂർ റോഡിൽ കൊളായിത്താഴത്ത് ഭാരത് പെട്രോളിയം പെട്രോൾ ബങ്കിന് തൊട്ട് പിറകിലായുള്ള വലിയ വളപ്പിൽ വീടിനോടു അത്ര ചേർന്നല്ല കിണർ. ആൾമറയിൽ ഘടിപ്പിച്ച ഇരുമ്പിന്റെ നെറ്റിനിടയിലൂടെ മാലിന്യം തള്ളിയത് രണ്ടു ദിവസം മുമ്പാണെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം കടിവെള്ളത്തിന് ചെറിയ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഓവർഹെഡ് ടാങ്ക് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ വളപ്പിലെ കാട് വെട്ടിത്തെളിക്കാൻ എത്തിയ ജോലിക്കാരാണ് കിണറ്റിൽ മാലിന്യം കണ്ടത്.

ഈ മേഖലയിൽ തെരുവുവിളക്കുകൾ കത്താത്തത് സാമൂഹ്യവിരുദ്ധർക്ക് അനുഗ്രഹമായിരിക്കുകയാണെന്ന് പരിസരവാസികൾ പറയുന്നു. പലപ്പോഴും റോഡിന്റെ ഒാവുചാലുകളിൽ കക്കൂസ് മാലിന്യം തള്ളാറുണ്ട്. പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല.