kunnamangalam-news

കുന്ദമംഗലം: നിർദ്ധനകുടുംബത്തിന് സൗജന്യമായി വാട്ടർകണക്ഷൻ നൽകി വാട്ടർ അതോറിറ്റി ജീവനക്കാർ മാതൃക കാണിച്ചു. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) പതിനേഴാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് മലാപ്പറമ്പ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം തുവ്വക്കുന്നത്ത് ഉപ്പായി അമ്മക്ക് ജപ്പാൻകുടിവെള്ള പദ്ധതിയുടെ സൗജന്യ കണക്ഷൻ നൽകിയത്. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവിക്കുന്ന തുവ്വക്കുന്നത്ത് പ്രദേശത്ത്,വളരെ താഴെയുള്ള ഒരു വീട്ടിൽ നിന്നാണ് തലചുമടായി വൃദ്ധയായ ഉപ്പായിഅമ്മ വെള്ളം കൊണ്ടു വന്നിരുന്നത്. പ്രായമായ രണ്ട് ആൺകുട്ടികൾ വർഷങ്ങൾക്ക് മുമ്പേ അസുഖം ബാധിച്ച് വീട്ടിൽതന്നെയാണ് കഴിയുന്നത്. വീട്ട് മുറ്റത്ത് കുടിവെള്ളമെത്തിയത് വൃദ്ധയും രോഗിയുമായ ഉപ്പായി അമ്മക്ക് ഏറെ ആശ്വാസകരമായി. വാർഡ്മെമ്പറും സി.പി.എം കുന്ദമംഗലം ലോക്കൽ സെക്രട്ടറിയുമായ എം.എം. സുധീഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഉസ്മാൻ കോയ, രവീന്ദ്രൻ കുന്ദമംഗലം, എം.കെ. സുഗേഷ്, എ.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.