വൈത്തിരി: മൂന്നു ദിവസമായി നടന്നുവന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷങ്ങൾ വൈത്തിരിയിൽ സമാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് വിവിധ ലൈസൻസുകൾ ലഭിക്കുന്നതിന് സംരംഭകർ നേരിടുന്ന പ്രയാസങ്ങൾക്ക് ഉടൻ പരിഹാരം കാണാൻ നിയമങ്ങളിൽ ആവശ്യമായി മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രാദേശിക ഭരണകാര്യങ്ങളിൽ കേരള പഞ്ചായത്ത് അസോസിയേഷനുമായി കൂടിയാലോചിച്ച് മാത്രമെ സർക്കാർ തീരുമാനങ്ങൾ കൈകൊണ്ടിട്ടുള്ളൂ.
സംസ്ഥാനത്ത് രണ്ടു പഞ്ചായത്തുകൾ ഒഴികെ 939 പഞ്ചായത്തുകളും ഐഎസ്ഒ ഗുണനിലവാര സർട്ടിഫിക്കറ്റ് നേടിയത് തദ്ദേശ ഭരണ വകുപ്പിന്റെ അഭിമാനം ഉയർത്തിയെന്നും മന്ത്രി പറഞ്ഞു. സേവനങ്ങളിൽ ഐഎസ്ഒ ഗുണനിലവാരം നിലനിർത്തേണ്ടതിലാണ് ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക് ശ്രദ്ധപതിപ്പിക്കേണ്ടത്.
ത്രിദിന പഞ്ചായത്ത് ദിനാഘോഷം സംഘാടനത്തിന് നേതൃത്വം നൽകിയ വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.എസ്.ടിമ്പിൾ മാഗിയെ മന്ത്രി അഭിനന്ദിച്ചു. കെ.ജി.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. വിശ്വംഭര പണിക്കർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സെഷനിൽ വിവിധ പഞ്ചായത്തുകൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകളെ പ്രതിനിധീകരിച്ചെത്തിയ ഉന്നത ഉദ്യോഗസ്ഥർ മറുപടി നൽകി.
വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയ അയ്യായിരത്തോളം പ്രതിനിധികൾ രണ്ടു ദിവസമായി നടന്ന വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്തു.