കുറ്റ്യാടി: കുന്നുമ്മൽ, കായക്കൊടി പഞ്ചായത്തുകളിലൂടെയുള്ള മൊകേരി, മുറുവശ്ശേരി, ചങ്ങരംകുളം, കായക്കൊടി, തളീക്കര റോഡ് നിർമ്മാണത്തിന് ഒച്ചിഴയും വേഗം. പൊതുമരാമത്ത് വകുപ്പ് മൂന്നരക്കോടി രൂപയ്‌ക്ക് ടെൻഡർ നൽകിയ റോഡിന്റെ ആദ്യത്തെ മൂന്ന് കിലോമീറ്റർതന്നെ പണമില്ലെന്ന് പറഞ്ഞ് കാരാറുകാരൻ നിറുത്തിവച്ചിരിക്കുകയാണ്.
മാർച്ച് 31 ന് മുമ്പ് പൂർത്തിയാക്കേണ്ട റോഡിന്റെ ആറ് ശതമാനം ജോലികൾ മാത്രമാണ് ഇതുവരെ നടന്നത്. പ്രശ്‌നം പലതവണ പി.ഡബ്ലിയു.ഡിയുടെ ശ്രദ്ധയിലെത്തിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. എസ്റ്റിമേറ്റിന് വിരുദ്ധമായും അശാസ്ത്രീയമായും നടക്കുന്ന ജോലികൾക്ക് പൊതുമരാമത്ത് ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുകയാണെന്നും ആക്ഷേപമുണ്ട്. നവീകരണം വൈകുന്നതു കാരണം ഇതുവഴിയുള്ള യാത്രയും ദുഷ്‌കരമാണ്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം.എൽ.എ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രദ്ധയിലെത്തിച്ച് നിശ്ചിത സമയത്തിനകം റോഡ് പണി പൂർത്തിയാക്കുന്നതിനുള്ള സ്വീകരിക്കണമെന്നാവശ്യപ്പെടാൻ ചങ്ങരംകുളം യു.പി സ്‌കൂളിൽ ചേർന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.