മാനന്തവാടി: സ്ത്രീകളുടെ അസുഖങ്ങൾക്ക് ചികിത്സ തേടി എത്തുന്നവർക്കും, ഡോക്ടർമാർക്കും ഏറെ അനുഗ്രഹമായി ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ അൾട്രാ സൗണ്ട് സ്‌കാനർ പ്രവർത്തന സജ്ജമായി. അടിയന്തിര ഘട്ടങ്ങളിൽ ഏറ്റവും വേഗത്തിലും, കൃത്യതയുമുള്ള പരിശോധനാ ഫലം ലഭിക്കുന്നതിലൂടെ ഗർഭസംബന്ധമായ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആശുപത്രിയിൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സ്‌ക്കാനിംഗ് വിഭാഗം പ്രവർത്തിക്കുന്നത്. പിന്നീട് എത്തുന്ന രോഗികൾ സ്വകാര്യ സ്‌കാനിംഗ് സെന്ററുകളെ ആശ്രയിക്കേണ്ടി വരുന്നു. പരിശോധന ഫലം വൈകി മാത്രമെ ലഭിക്കുകയുള്ളുവെന്നത് ചികിത്സ നിശ്ചയിക്കുന്നതിനും കാലതാമസം വരുത്തും.
ഇതിനെല്ലാം ശാശ്വത പരിഹാരമായാണ് പ്രസവവാർഡിൽ സ്‌കാനിംഗ് മെഷീൻ സ്ഥാപിച്ചതെന്ന് കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ: അബ്ദുൾ റഷീദ് പറഞ്ഞു. സ്വകാര്യ സെന്ററുകളിൽ 800 മുതൽ 1000 രൂപ വരെയാണ് അൾട്ര സൗണ്ട് സ്‌കാനിംഗിന് ചാർജ് ഈടാക്കുന്നത്.
അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ 150 ഓളം സ്ത്രീകളാണ് പ്രതിദിനം ജില്ലാ ആശുപത്രി ഗൈനക്ക് ഒപിയിൽ എത്തുന്നത്. മാസത്തിൽ 250 നും 300 നുമിടയിൽ പ്രസവങ്ങളും ആശുപത്രിയിൽ നടക്കുന്നുണ്ട്.
വന്ധ്യതാ ചികിത്സയ്ക്കും ഏറെ ഉപകാരപ്രദമാണ് ഈ ഉപകരണം. അനുബന്ധ സംവിധാനങ്ങൾ കൂടി സജ്ജീകരിച്ചാൽ വന്ധ്യതയ്ക്കുള്ള വിദഗ്ധ ചികിത്സയ്ക്ക് പ്രത്യേക വിഭാഗവും ഈ ആശുപത്രിയിൽ സജ്ജീകരിക്കാൻ കഴിയും.
12 ലക്ഷത്തിലധികം രൂപ ചിലവ് വരുന്ന അൾട്രാസൗണ്ട് സ്‌കാനിംഗ് സംവിധാനം എൻ.എച്ച്.എമ്മാണ് ജില്ലാ ആശുപത്രിക്ക് നൽകിയത്.