 നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയത് 216 പേരെ

 നിരീക്ഷണത്തിൽ കഴിയുന്നത് 193 പേർ

കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമായി തുടരുന്നതിനിടെ വീണ്ടും ഒരാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. സംശയം തീർത്തും മാറ്റുക എന്ന ഉദ്ദേശ്യത്തോടെ ഇന്നലെ വൈകിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ പറഞ്ഞു.

ഐസൊലേഷൻ വാർഡുകളിൽ പ്രവേശിച്ചിരുന്ന മുഴുവൻ പേരെയും പരിശോധനാ ഫലം നെഗറ്റീവെന്ന് വ്യക്തമായതോടെ ഡിസ്ചാർജ്ജ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഒരാളെ ഐസൊലേഷൻ വാർഡിൽ എത്തിച്ചത്.
അതിനിടെ, 28 ദിവസ കാലാവധി പൂർത്തിയാക്കിയ മൂന്നു പേരെ കൂടി ഇന്നലെ വീട്ടിലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയതായും ഡി.എം. ഒ അറിയിച്ചു. ഇതുവരെ 216 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോൾ ജില്ലയിൽ 193 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 31 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 29 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്.

ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബ്ലോക്ക്തല സൂപ്പർ വൈസർമാരുടെ യോഗത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ബോധവത്കരണ ക്ലാസുകളും സോഷ്യൽ മീഡിയയിലൂടെയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുന്നതായി ഡി.എം.ഒ അറിയിച്ചു.