ari

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന്റെ കൊയിലാണ്ടി കൊല്ലം ശ്രീ പിഷാരിക്കാവ് ക്ഷേത്രച്ചിറയിലെ മീനുകൾ വിൽക്കാനുള്ള തീരുമാനം തത്കാലം മാറ്റിവച്ചു. മീൻവില്പന സംബന്ധിച്ച് കേരളകൗമുദിയിൽ ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് വൻ പ്രതിഷേധമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നുണ്ടായത്. ഭക്തജനങ്ങളും ഹിന്ദു ഐക്യവേദി, ബി.ജെ.പി, ബജ്രംഗ് ദൾ എന്നീ സംഘടനകളും പ്രതിഷേധവുമായി ക്ഷേത്രം ഓഫീസിലെത്തി.

പ്രതിഷേധം അവഗണിച്ച് തീരുമാനവുമായി മുന്നോട്ട് പോയാൽ പ്രശ്നമാവുമെന്ന് തിരിച്ചറിഞ്ഞ ദേവസ്വം ഓഫീസർ മത്സ്യവില്പന തത്‌കാലം മാറ്റിവച്ചെന്ന അറിയിപ്പ് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്. ബജ്രംഗ് ദൾ പ്രവർത്തകർ രാത്രി ഏഴിന് മീനുകൾക്ക് ഭക്ഷണം നൽകി. ക്ഷേത്രച്ചിറയിലെ മീനുകൾ ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്നാണ് ഇവരുടെ വാദം.

എന്നാൽ മീൻ വില്പന പൂർണമായും ഉപേക്ഷിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. തത്കാലം മാറ്റിവയ്‌ക്കുന്നുവെന്നാണ് അറിയിപ്പിലുള്ളത്. ഇന്ന് രാവിലെ 11.30ന് വില്പന നടത്തുമെന്നാണ് ദേവസ്വം ഓഫീസിൽ നേരത്തെ പ്രസിദ്ധീകരിച്ച ലേലത്തിനുള്ള (ക്വട്ടേഷൻ) അറിയിപ്പിൽ പറഞ്ഞിരുന്നത്.