കൽപ്പറ്റ: സിറ്റി പെർമിറ്റുള്ള ഓട്ടോറിക്ഷകൾക്ക് ഹൈക്കോടതി നിർദേശിച്ചതിനുസരിച്ച് സ്റ്റിക്കർ നൽകുന്നതിൽ മുനിസിപ്പൽ അധികൃതർ വിമുഖത കാട്ടുകയാണെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാരായ പി.പി രാജൻ, പി സജീവൻ, കെ.ആർ റിയാസ്, കെ.ടി നൗഷാദ്, കെ.പി ജസ്മൽ അമീർ എന്നിവർ വാർത്താ സമ്മളനത്തിൽ ആരോപിച്ചു. സ്റ്റിക്കർ നൽകാൻ വൈകിയാൽ മുനിസിപ്പൽ സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യത്തിനു കേസ് ഫയൽ ചെയ്യുമെന്നും അവർ അറിയിച്ചു. 2019 നവംബർ 29ന് ഹൈക്കോടതി ഉത്തരവായത് അനുസരിച്ചാണ് നഗരത്തിൽ 26 ഓട്ടോറിക്ഷകൾക്ക് ഫെബ്രുവരി 17ന് ആർ.ടി.ഒ സിറ്റി പെർമിറ്റ് അനുവദിച്ചത്. മുനിസിപ്പൽ പരിധിയിൽ താമസിക്കുന്നവരാണ് പെർമിറ്റ് ലഭിച്ച മുഴുവൻ ആളുകളും. എന്നാൽ സ്റ്റിക്കർ അനുവദിക്കാൻ നഗരസഭ തയാറാകുന്നില്ല. നിലവിൽ നഗരത്തിൽ 690 ഓട്ടോകൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ 70 എണ്ണം വനിതാ ഓട്ടോകളാണ്. വനിതകൾക്കുള്ളത് ഒഴികെ പെർമിറ്റുകളിൽ 350 എണ്ണം മുനിസിപ്പൽ പരിധിക്ക് പുറത്തുള്ളവർക്കാണ് ലഭിച്ചതെന്നും ഡ്രൈവർമാർ പറഞ്ഞു.
റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് അടക്കം സമർപ്പിച്ച് തങ്ങൾ പെർമിറ്റ് ലഭിക്കാൻ അവകാശമുള്ളവരാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അനുകൂലമായ നിലപാടെടുത്തത്. എന്നാൽ ഈ ഉത്തരവിന് യാതൊരു വിലയും കൽപ്പിക്കാതെയാണ് സെക്രട്ടറിയടക്കമുള്ളവർ പെരുമാറുന്നതെന്നും ഇവർ പറഞ്ഞു.