കൽപ്പറ്റ: ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിലും, കോർപറേറ്റുകളെ സഹായിക്കുന്ന കാര്യത്തിലും മോദിയും പിണറായിയും ഒരേ തൂവൽപക്ഷികളാണെന്ന് വി.എം.സുധീരൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ നയിക്കുന്ന രാഷ്ട്ര രക്ഷാമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി വർഗീതയതയുടെ പേരിലാണെങ്കിൽ പിണറായി രാഷ്ട്രീയത്തിന്റെ പേരിലാണ് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത്. രാഷ്ട്രീയ കൊലപാതകം അവസാനിപ്പിച്ചതായി സി.പി.എം നേതൃത്വം ഉറപ്പ് നൽകണമെന്നും അല്ലെങ്കിൽ ഭരണഘടനാ സംരക്ഷണത്തിന്റെ പേരിലുള്ള സമരങ്ങൾക്ക് പ്രസക്തിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം കേന്ദ്രകമ്മിറ്റി സ്വകാര്യവത്ക്കരണത്തിന് എതിരാണ്. എന്നാൽ സംസ്ഥാനം ഭരിക്കുന്ന സർക്കാറിന്റേത് വൻകിട മുതലാളിമാരെ സഹായിക്കുന്ന നടപടികളാണ്. സർക്കാരിന് അവകാശപ്പെട്ട ആയിരക്കണക്കിന് ഏക്കർ ഭൂമി വൻകിടക്കാർക്ക് നൽകാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ നിന്നൊഴിയുമ്പോൾ സംസ്ഥാനത്ത് ഉണ്ടായിരുന്നത് 29 മദ്യശാലകളായിരുന്നെങ്കിൽ ഇന്നത് 565 ആയെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവർക്കെതിരെ കേസെടുക്കുന്നത് തുടർക്കഥയാവുകയാണ്.

രാഷ്ട്രരക്ഷാമാർച്ചിന്റെ പതാക വി.എം.സുധീരൻ ഐ.സി ബാലകൃഷ്ണന് കൈമാറി. കെ.പി.സി.സി അംഗം പി.പി.ആലി അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി.ധനപാലൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, അബ്ദുൾ മുത്തലിബ്, എൻ.ഡി.അപ്പച്ചൻ, കെ.എൽ.പൗലോസ്, പി.വി.ബാലചന്ദ്രൻ, പി.കെ.ജയലക്ഷ്മി, കെ.കെ.അബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.