കുന്ദമംഗലം: കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഫുട്ബാൾ ടൂർണമെന്റിൽ ദേവഗിരി സേവിയോ ഹയർ സെക്കൻഡറി സ്കൂളും ചൂലാംവയൽ മാക്കൂട്ടം എ.എം.യു.പി.സ്കൂളും ജേതാക്കളായി. യു.പി വിഭാഗം ഫൈനലിൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സേവിയോ ജേതാക്കളായത്. എൽ.പി വിഭാഗം ഫൈനലിൽ കാരന്തൂർ എ.എം.എൽ.പി.സ്കൂളിനെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി മാക്കൂട്ടം സ്കൂൾ ജേതാക്കളായി.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ സമ്മാനദാനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.ജയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കേരള സന്തോഷ് ട്രോഫി താരം ജിയാദ് ഹസ്സൻ മുഖ്യാഥിതിയായിരുന്നു. അസ്ബിജ, എം.വി. ബൈജു. ഹെഡ്മാസ്റ്റർ വി.പ്രേമരാജൻ, രവീന്ദ്രൻ കുന്ദമംഗലം, സി. യൂസുഫ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഒ. കല സ്വാഗതവും ടൂർണമെന്റ് കമ്മറ്റി കൺവീനർ പ്രജിത്ത് കുമാർ നന്ദിയും പറഞ്ഞു.