കോഴിക്കോട്: റിലയിൻസ് ജിയോ ഇൻഫോകോം കമ്പിനിയ്‌ക്ക് പോളുകൾ സ്ഥാപിച്ച് കേബിളിടാൻ നിശ്ചയിച്ച തുകയിൽ നിന്ന് 1.91 കോടി രൂപ കുറച്ചതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷാരോപണത്തെ തുടർന്ന് കോർപറേഷൻ കൗൺസിൽ യോഗത്തിൽ വൻ ബഹളത്തിന് കാരണമായി. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും എതിർപ്പിനെത്തുടർന്ന് വോട്ടെടുപ്പിലൂടെയാണ് അജണ്ട പാസാക്കിയത്.
6166 പോളുകൾക്ക് 5473.44 രൂപ പ്രകാരം ഏഴ് വർഷത്തേക്ക് 3.37 കോടി ഈടാക്കാനായിരുന്നു നേരത്തത്തെ തീരുമാനം. പിന്നീടത് 1.46 കോടിയായി കുറച്ചതാണ് ആക്ഷേപത്തിന് കാരണമായത്. ഇതുവഴി 1.91 കോടിയുടെ നഷ്ടം കോർപറേഷനുണ്ടായതെന്ന് അഡ്വ. പി.എം. നിയാസ് ആരോപിച്ചു. ഉദ്യോഗസ്ഥരും ഭരണപക്ഷ കൗൺസിലർമാരും അഴിമതിക്കാരാണെന്നും ഇവർ കമ്പനിയ്‌ക്ക് അനുകൂലമായ തീരുമാനങ്ങൾ വേഗത്തിലെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മേയർ ഒഴികെയുള്ളവർ അഴിമതിക്കാരെന്ന് പറഞ്ഞതോടെയാണ് എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്. നിയാസിന്റെ പരാമർശം തെറ്റാണെന്നും പിൻവലിക്കണമെന്നും മേയർ ആവശ്യപ്പെട്ടു. എന്നാൽ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് നിയാസ് പറഞ്ഞതോടെ യോഗം ബഹളത്തിലമർന്നു.
സഭ നിറുത്തിവച്ച് പ്രതിപക്ഷവുമായി അരമണിക്കൂറോളം ചർച്ച നടത്തിയശേഷം യോഗം തുടങ്ങിയപ്പോഴും നിയാസ് പ്രസ്താവന പിൻവലിക്കാത്തത് ഇടത് അംഗങ്ങളുടെ വൻ പ്രതിഷേധത്തിനിടയാക്കി. നിയാസിനെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നു.
രാഷ്ട്രീയ നേട്ടത്തിനുള്ള വഴി അടച്ചത് കെ.വി. ബാബുരാജ്
നിയാസിനെതിരെ നടപടിയെടുത്താൽ രാഷ്ട്രീയമായി യു.ഡി.എഫിനും നിയാസിനും നേട്ടമാകുന്ന സാഹചര്യം ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ തന്ത്രപരമായ തീരുമാനത്തിലൂടെ ഒഴിവാക്കി. പ്രതിഷധാർഹമെങ്കിലും നിയാസിനെപോലുള്ളയാളിൽ നിന്ന് ഇത്രയേ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് പറഞ്ഞാണ് ബാബുരാജ് പ്രതിഷധം അവസാനിപ്പിച്ചത്.
അജണ്ട പാസാക്കിയത് 17നെതിരെ 41 വോട്ടിന്
17 നെതിരെ 41വോട്ടുകൾക്കാണ് ജിയോയ്‌ക്ക് തുക കുറച്ചു നൽകുന്ന അജണ്ട പാസാക്കിയത്. ജിയോ എന്ത് വിചാരിച്ചാലും നടക്കുന്ന അവസ്ഥയിലേക്ക് നഗരം എത്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാൻ ആരോപിച്ചു. ജിയോ അനധികൃതമയി നടത്തുന്ന ഇടപെടലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥലപരിശോധന നടത്താൻ പോലും കോർപറേഷനിലെ എൻജിനിയറിംഗ് വിഭാഗം തയ്യാറായിട്ടില്ലെന്ന് കെ.സി. ശോഭിത ആരോപിച്ചു. ഉയർന്ന നിരക്ക് കാണിച്ച് കരാറുണ്ടാക്കിയശേഷം സെക്രട്ടറി ചെറിയ നിരക്കിൽ ഒത്തുതീർപ്പിക്കുകയാണ്. സെക്രട്ടറി സഭയിൽ പറയുന്ന കാര്യങ്ങളെല്ല നടപ്പാക്കുന്നതെന്നും അവർ ആരോപിച്ചു. കോർപറേഷന്റെ താത്പര്യം സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും പുകമറ സൃഷ്ടിക്കാൻ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. രാധാകൃഷ്ണൻ പറഞ്ഞു. 96 ലക്ഷം രൂപമാത്രം ലഭിക്കേണ്ട സാഹചര്യത്തിൽ നിന്ന് 1.46 കോടിയായി ഉയർന്നത് ജിയോയുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണെന്നാണ് സെക്രട്ടറി ബിനു ഫ്രാൻസിസിന്റെ വിശദീകരണം.
കണക്കുകൾ ഇങ്ങനെ
കേബിളിടാൻ ജിയോയുമായി നിശ്ചയിച്ച തുക - 1.46 കോടി രൂപ
നേരത്തെ ഏഴ് വർഷത്തേക്ക് ഈടാക്കാൻ തീരുമാനിച്ചിരുന്നത് - 3.37 കോടി
96 ലക്ഷം രൂപ ലഭിക്കേണ്ടിടത്ത് നിന്ന് 1.46 കോടിയായി ഉയർത്തിയെന്ന് നഗരസഭ സെക്രട്ടറി