varav

കോഴിക്കോട് : ശ്രീകണ്‌ഠേശ്വര ക്ഷേത്ര ശിവരാത്രിമഹോത്സവത്തോടനുബന്ധിച്ച് ആറാം ദിവസമായ ഇന്നലെ കസബ പ്രാദേശിക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷ വരവ്‌ നടത്തി. അരയിടത്തുപാലം ജംഗ്ഷൻ - പുതിയറ റോഡിലെ രാരൻ മഠത്തിൽ സുരേഷിന്റെ വസതിയിൽ നിന്ന് ആരംഭിച്ച ആഘോഷ വരവിന് കൺവീനർ രാമദാസ്‌ കൊന്തളം നേതൃത്വം നൽകി. ഡയരക്ടർ സുഷീർ അച്ചാഴിയത്ത്, ഭരണസമിതി അംഗം പ്രശോഭ്കുമാർ തറമ്മൽ,സുബ്രഹ്മണ്യൻ കളത്തിൽ, യു.സി ജയകുമാർ , വിജയരാജ് കാളൂർ, ജയരാജൻ കോട്ടയിൽ, വസന്തകുമാർ തറമ്മൽ, രാമകൃഷ്ണൻ വയലിൽ, ജീഷ്‌വെൺമരത്ത്, എം.എ ശ്രീജിത്ത്, സൗമ്യേന്ദ്രനാഥ് തലാഞ്ചേരി, ഗീരിഷ്‌കുമാർ അരങ്ങിൽ എന്നിവർ പങ്കെടുത്തു. രാധ - കൃഷ്ണ നൃത്തം, ഭരതനാട്യം, ശിവന്റെ തിടമ്പ് എഴുന്നളളിക്കുന്ന രഥം, ചെണ്ടമേളം തുടങ്ങിയവ ആഘോഷവരവിന്‌ മാറ്റുകൂട്ടി.

ക്ഷേത്രയോഗം ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് വരവിന് സ്വീകരണം നൽകി. ഇന്നലെ രാത്രി 9 ന് ലാലാ ബാൻഡ് - മേഘ്‌ന ലാൽ ഗാനമേള അരങ്ങേറി.
ഇന്ന് ശ്രീവളയനാട്‌ ദേവി ക്ഷേത്രം ഭക്തജന സംരക്ഷണ സമിതിയുടെ നാരായണീയ പാരായണം നടക്കും. എഴുന്നള്ളിപ്പിന് ശേഷം ആനയൂട്ട്, പറവെപ്പ് എന്നിവയുണ്ടാവും. ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം. വൈകിട്ട് 4 ന് ആറാട്ടുകുട കൈമാറ്റം. തുടർന്ന് ക്ഷേത്രക്കുളത്തിൽ തെപ്പോത്സവം. ഡോ.നാഗരാജ്‌ മൈസൂർ ആൻഡ് പാർട്ടിയുടെ നാദസ്വര കച്ചേരിയ്ക്ക് ശേഷം പകൽ പൂരം എഴുന്നള്ളിപ്പ്. രാത്രി 8 ന് ജാനകി സുരേഷ് ആൻഡ് പാർട്ടിയുടെ ഭക്തിഗാനസുധ. തുടർന്ന് ഷീഷാംബിക വികാസ് ആൻഡ് പാർട്ടിയുടെ നൃത്തപരിപാടിയും അരങ്ങേറും.