കൊയിലാണ്ടി: മാലിന്യ സംസ്‌കരണം നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് മാർച്ച് സംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തകർ നവീകരിച്ച കൊയിലാണ്ടി നഗരസഭ ഓഫീസിന്റെ മുഖ്യകവാടം പാടെ തകർത്തു. സംഘർഷത്തിനിടെ കൗൺസിലർ പി.എം. ബിജു, എസ് ഐ സേതുമാധവൻ എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ മുൻ കൗൺസിലർ രജീഷ് വങ്ങളത്ത്കണ്ടി, സേവാദൾ മണ്ഡലം പ്രസിഡന്റ് പി.വി.വേണുഗോപാലൻ, കെഎസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജെറിൻ ബോസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമത്തിൽ ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൈയ്ക്ക് ഗുരുതരമായ പരിക്കേറ്റ എസ്.ഐ സേതുമാധവനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസറെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
കൊയിലാണ്ടി ടൗണിൽ നിന്ന് പ്രകടനമായി നഗരസഭാ ഓഫീസിന് മുന്നിലെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞെങ്കിലും വലയം ഭേദിച്ച് പ്രവർത്തകർ നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയായിരുന്നു സംഘർഷം. ഉന്തും തള്ളും നടക്കുന്നതിനിടെ ചിലർ ഓഫീസിനു മുന്നിലെ ചില്ലുകൊണ്ട് തീർത്ത പ്രവേശന കവാടം പൂർണമായും അടിച്ചു തകർക്കുകയായിരുന്നു.
കെ പി സി സി അംഗവും നഗരസഭ കൗൺസിലറുമായ യു.രാജീവൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി.സുധാകരൻ, വി.ടി.സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ തുടങ്ങിയ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു അക്രമം. ഓഫീസിൽ പല ആവശ്യങ്ങൾക്കായി എത്തിയ ആളുകളിൽ പലരും സംഘർഷം കണ്ട് ഓടി രക്ഷപ്പെട്ടു. വൈകാതെ പൊലീസ് സംഘം സ്ഥിതിഗതികൾ നിയന്തണവിധേയമാക്കുകയായിരുന്നു.
അക്രമ സംഭവത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ പ്രകടനം നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദ്, നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ, കെ.ഷിജു, കെ.ടി.സിജേഷ്, വി.കെ.പത്മിനി, എം.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.