nadan

കോഴിക്കോട് : നല്ല ചികിത്സ കിട്ടാതെ മരിക്കുന്നവരാണ് കൂടുതലുമെന്ന് ചലച്ചിത്രനടൻ സലിംകുമാർ പറഞ്ഞു. ആസ്റ്റർ മിംസിലെ ഇന്റഗ്രേറ്റഡ് ഗ്യാസ്ട്രോ ഓങ്കോളജി ക്ലിനിക്കിന്റെ ഉദ്ഘാടനം ടൗൺ ഹാളിൽ ഒരുക്കിയ ചടങ്ങിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ വൈദ്യന്‍മാരെ കൊണ്ട് വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ പലയിടത്തും. കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. മാരകരോഗങ്ങൾക്കു പോലും പച്ചവെള്ളവും മന്ത്രവാദവും നൽകി ചികിത്സ നടത്തുന്നവരുടെ പിടിയിൽ നിന്നു സാക്ഷര കേരളം കരകയറുന്നില്ലെങ്കിൽ നമ്മൾ നടക്കുന്നത് മുന്നോട്ടല്ല, പിറകോട്ടാണ്. അനുഭവമാണ് എന്നെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. കരളിന് അസുഖം ബാധിച്ചപ്പോൾ ജീവിക്കാനുള്ള മോഹം കൊണ്ട് ഒരു പാട് അബദ്ധങ്ങളിൽ ചെന്ന് ചാടിയിട്ടുണ്ട്. ഒന്നും എന്റെ താത്പര്യങ്ങളായിരുന്നില്ല. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിർബന്ധമായിരുന്നു. വെറുതേ വഴങ്ങി കൊടുത്തു. എന്നാൽ അതൊക്കെ എന്റെ അസുഖത്തെ മാരകമാക്കാനേ ഉപകരിച്ചുള്ളൂ.

കാൻസറടക്കം ഒരു രോഗവും ഇപ്പോൾ മാരകമല്ല. അത് മാരകമാവുന്നത് തെറ്റായ ചികിത്സാ വിധികളിലേക്ക് ഗതികേടുകൊണ്ട് നമ്മൾ കടന്നു ചെല്ലുമ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഡോ. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആസ്റ്റർ ഫാമിലി കാർഡിന്റെയും സി ഡി എ കോളനി പ്രിവിലേജ് കാർഡിന്റെയും ഉദ്ഘാടനവും സലീംകുമാർ നിർവഹിച്ചു. ഫർഹാൻ യാസിൻ, പി.ടി.സമീർ, ഡോ.കെ.വി.ഗംഗാധരൻ, ഡോ.ടോണി ജോസ്, ഡോ.എബ്രഹാം മാമൻ, ഡോ.കെ.ജി.രാമകൃഷ്ണൻ, ഡോ.സജീഷ് സഹദേവൻ, ഡോ.നൗഷിഫ്, ഡോ.സതീഷ് പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.