കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റുൾപ്പെടുന്ന സ്ഥലത്ത് വൻ വികസനമൊരുക്കാനുള്ള പദ്ധതികളുമായി കോർപറേഷൻ. ഏത് തരം പദ്ധതി നടപ്പാക്കാം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ പ്രോജക്ട് അഡ്വൈസറെ നിയമിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. പാളയത്തെ 5.2 ഏക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്. 200 മുതൽ 300 കോടി വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പ്രൊജക്ട് അഡ്വൈസറുടെ നിർദ്ദേശത്തിന് ശേഷമേ പദ്ധതി നടപ്പാക്കൂവെന്ന് മേയർ പറഞ്ഞു. നടക്കാവ്, സത്രം കോളനികളും പദ്ധതിയിലുൾപ്പെടുന്നുണ്ട്. പാളയത്തെ പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്ന നടപടി പുരോഗമിക്കുകയാണ്. ഇത് ഒരു വർഷത്തിനുള്ളിൽ നടപ്പാക്കും. ഇതോടെ പ്രദേശത്ത് അനുയോജ്യമായ വൻ വികസന പദ്ധതി നടപ്പാക്കാനാണ് പദ്ധതി. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നടക്കാവിലും സത്രം കോളനിയിലും ഇത്തരത്തിൽ പരിശോധന നടക്കും.
കൗൺസിലർമാരുടെ ചോദ്യങ്ങൾ
? സ്വകാര്യ പങ്കാളിത്തം വേണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായം ഉയരുന്നുണ്ട്. നഗരത്തിലെ കണ്ണായ സ്ഥലം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്നത് എന്തിനാണ് ? കോപറേഷന് നേരിട്ട് പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്. - പി. ഉഷാദേവി
? പാളയത്തെ ഭൂമി സ്വകാര്യ കമ്പനിക്ക് കച്ചവടം നടത്തിക്കഴിഞ്ഞതു കൊണ്ടല്ലേ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയെന്ന് അജണ്ടയിൽ തന്നെ രേഖപ്പെടുത്തേണ്ടി വന്നത്?- കെ.ടി. ബീരാൻ കോയ
? കൺസൾട്ടന്റിന് സ്വകാര്യ കമ്പനി പണം നൽകുമെന്ന് പറയുന്നത് അതുകൊണ്ടല്ലേ?- ഇ. പ്രശാന്ത് കുമാർ
? പദ്ധതി ആവുന്നതിന് മുമ്പ് സ്വകാര്യ പങ്കാളിത്തമെന്ന് പറയുന്നത് എന്തിനാണ്?- സി. അബ്ദുറഹിമാൻ
അഡ്വൈസറോടുള്ള കോർപറേഷന്റെ ആവശ്യം
നിലവിലുളള ഭൂമി അളന്നു തിട്ടപ്പെടുത്തുക
നടപ്പാക്കാവുന്ന പദ്ധതികൾ കണ്ടെത്തുക
മുതൽ മുടക്ക് തിട്ടപ്പെടുത്തുക
'കോഴിക്കോടിന്റെ വികസനം തടയുകായാണ് എതിർക്കുന്നവരുടെ ലക്ഷ്യം. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്‌ക്കുന്നവരാണ് മുതലക്കണ്ണീർ ഒഴുക്കുന്നത്. നഗരത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികൾ നടപ്പാക്കും".
- എം.സി. അനിൽ കുമാർ,
നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ
,