കൽപ്പറ്റ: കാരാപ്പുഴ സാഹസിക ടൂറിസം കേന്ദ്രം ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കാരാപ്പുഴയിലെ വിനോദ സഞ്ചാര മേഖലയെ കൂടുതൽ ആകർഷണീയമാക്കിക്കൊണ്ട് നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷനും കാരാപ്പുഴ ടൂറിസം മാനേജ്മന്റ് കമ്മിറ്റിയും സംയുക്തമായി തെന്നിന്ത്യയിലെ ഏറ്റവും നീളം കൂടിയതും, രണ്ട് ലൈനുകളോട് കൂടിയ സ്വീപ് ലൈൻ ഒരുക്കിയിട്ടുണ്ട്.

ഒരേസമയം രണ്ടു പേർക്ക് ഒരുമിച്ച് സഞ്ചരിക്കാൻ സാധ്യമാകുന്ന സിപ്പ്‌ലൈനാണിത്. കേരളത്തിൽ തന്നെ ആദ്യ സാഹസിക റൈഡായ ഹ്യൂമൻ സ്ലിംഗ് ഷോട്ട്, ഹ്യൂമൻ ഗൈറോ, കുട്ടികൾക്കും മുതിർന്നവർക്കും ഹരം പകരുന്ന ട്രെമ്പോളിൻ പാർക്ക്, ബഞ്ചി ട്രെമ്പോളിൻ എന്നിങ്ങനെ സഞ്ചാരികൾക്കായി 5 റൈഡുകൾ പ്രവർത്തന സജ്ജമായതായി ഇവർ പറഞ്ഞു.

23 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സി.കെ.ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.ജില്ലാ കളക്ടർ ഡോ. അദീല അബ്ദുല്ല മുഖ്യാഥിതിയായിരിക്കും.
വാർത്താസമ്മേളനത്തിൽ സാഹസിക വിനോദ സഞ്ചാര കേന്ദ്രം സംരംഭകരായ കെ.വി.സണ്ണി, പി.വി.സണ്ണി, റോയ് ജേക്കബ്, പി തോമസ് എന്നിവർ പങ്കെടുത്തു.