കൽപ്പറ്റ: കുടുംബശ്രീ പട്ടികവർഗ്ഗ യുവാക്കളുടെ ജില്ലാതല ഫുട്‌ബോൾ ടീം ഒരുക്കുന്നു. മുപ്പതംഗ ടീമിനെയാണ് കുടുംബശ്രീ ഫെബ്രുവരി 22 ന് പുറത്തിറക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ ഉച്ചയ്ക്ക് രണ്ടു മണിക്ക് കൽപ്പറ്റ ടൗൺഹാളിൽ നിർവ്വഹിക്കും.
ജില്ലയിൽ കുടുംബശ്രീയുടെ രജിസ്റ്റർ ചെയ്ത 130 ക്ലബ്ബുകൾ നിലവിലുണ്ട്. ഇവരുടെ ജില്ലാ തല ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് അറുപത് അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നു. അതിൽ നിന്ന് തിരഞ്ഞെടുത്ത മുപ്പത് പേരെയാണ് ഗോത്രശീ വയനാട് എന്ന പേരിൽ ജില്ലാ ടീം രൂപീകരിച്ചത്. പരിശീലകരായ ലൂയിസ് ഫിലിപ്പ്, സുജിത് എന്നിവരാണ് പരിശീലനം നയിച്ചത്.
ജില്ലാ വിജിലന്റ് ഗ്രൂപ്പുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. വിവിധ മേഖലകളിൽ ഇടപെടുന്നതിനായി ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത 125 അംഗങ്ങൾക്ക് കരാട്ടെ, യോഗ തുടങ്ങിയ പരിശീലനം നൽകിയിരുന്നു. ഇവരെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലും ഇടപെടുന്നതിനാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സാജിത, എഡിഎംസിമാരായ കെ.എ.ഹാരിസ്, വാസു പ്രദീപ്,പ്രോഗ്രാം മാനേജർമാരായ വി.ജയേഷ്, ആശ പോൾ എന്നിവർ പങ്കെടുത്തു.