corona

കോഴിക്കോട്: ലോകം കൊറോണപ്പേടിയിൽ വിറയ്‌ക്കുമ്പോൾ കോഴിക്കോട്ട് ഭീതി ഒഴിയുകയാണ്. ചൈനയിൽ കൊറോണ താണ്ഡവമാടിയപ്പോൾ മെഡിക്കൽ വിദ്യാഭ്യാസത്തിനും ബിസിനസ് ആവശ്യത്തിനും പോയവർ ആശങ്കയിലായിരുന്നു. എന്നാൽ ആരോഗ്യ വകുപ്പിന്റെ ഇടപെടൽ കൊറോണയുടെ ആശങ്കയിൽ നിന്ന് ജനങ്ങളെ രക്ഷിച്ചു. ഇതിന്റെ നേതൃത്വം നൽകിയത് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിയ ജയശ്രീയുമായിരുന്നു.

ജില്ലയിലെ ഒരു വിഭാഗം സർക്കാർ ഡോക്ടർമാരും ആരോഗ്യ വകുപ്പ് ജീവനക്കാരും അവധി പോലും ഒഴിവാക്കിയാണ് ഇതിനായി പ്രവർത്തിച്ചത്. ഇപ്പോൾ ജില്ലയിലാകെ അഞ്ച് പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ ഒരാൾ ഐസൊലേഷൻ വാർഡിലാണ്. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ബുധനാഴ്ച പ്രവേശിപ്പിച്ച ഇയാളുടെ സ്രവ സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചു. ജില്ലയിലാകെ 32 പേരുടെ സ്രവ സാമ്പിളാണ് പരിശോധനയ്‌ക്കയച്ചത്. ബുധനാഴ്ച പ്രവേശിച്ച വ്യക്തിയുടേതൊഴികെയുള്ള 31 പരിശോധനാ ഫലം ലഭിച്ചു. 31 പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. വീടുകളിൽ 28 ദിവസത്തെ നിരീക്ഷണം ഏർപ്പെടുത്തിയത് 409 പേർക്കായിരുന്നു. ഇതിൽ 405 പേരെയും ഒഴിവാക്കി. ഇന്നലെ മാത്രം 189 പേരെ ഒഴിവാക്കി.

ആരോഗ്യ വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികൾ

 ചൈനയിൽ നിന്ന് വന്നവരെ വിശദ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി.

 എന്തെങ്കിലും രോഗ ലക്ഷണമോ സംശയമോ തോന്നിയവരെ പാർപ്പിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിലും ബീച്ച് ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ തുറന്നു

 ചൈനയിൽ നിന്നെത്തിയവരോട് വീടുകളിൽ ഒരു മുറിയിൽ 28 ദിവസം ഒറ്റയ്ക്‌ക് കഴിയാൻ നിർദ്ദേശിച്ചു.ഇവരെ കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

 മെന്റൽ ഹെൽപ്പ് ലൈനിലൂടെ കൗൺസലിംഗ് നടത്തി.

 സോഷ്യൽ മീഡിയയിലൂടെ കൊറോണയെ കുറിച്ചുള്ള വീഡിയോയും വാട്‌സ്അപ്പ് സന്ദേശവും നൽകി.

 അർബൻ ഹെൽത്ത് സെന്ററുകളിലും ആശുപത്രികളിലെ ഡിജിറ്റൽ ഡിസ്‌പ്ലേ ടി.വിയിൽ വീഡിയോ പ്രദർശിപ്പിച്ചു.  ഗ്രാമസഭകളിൽ ആരോഗ്യ പ്രവർത്തകർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

 ജനങ്ങളെ ബോധവത്കരിക്കാൻ ആകർഷകമായ പോസ്റ്ററുകൾ പൊതുസ്ഥലങ്ങളിൽ പതിച്ചു.

കണക്കുകൾ ഇങ്ങനെ

 ഇപ്പോൾ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് - 5 പേർ

 ഇതിൽ ഐസൊലേഷൻ വാർഡിലുള്ളത് - ഒരാൾ

 ജില്ലയിലാകെ 32 പേരുടെ സ്രവസാമ്പിളാണ് പരിശോധനയ്‌ക്കയച്ചു

 31 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്

 വീടുകളിൽ 28 ദിവസത്തെ നിരീക്ഷണം ഏർപ്പെടുത്തിയത് - 409 പേർക്ക്

 405 പേരുടെ നിരീക്ഷണം ഒഴിവാക്കി

 ഇന്നലെ മാത്രം 189 പേരുടെ നിരീക്ഷണം ഒഴിവാക്കി