നഗരസഭാ ടൗൺഹാൾ ഇനി പി.സി.അഹമ്മദ്ഹാജി സ്മാരകം

സുൽത്താൻ ബത്തേരി: ബത്തേരി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായി കാൽ നൂറ്റാണ്ട് കാലം പ്രവർത്തിച്ച പി.സി.അഹമ്മദ് ഹാജിക്ക് ആദരവ് നൽകുന്നതിന് നഗരസഭാ ടൗൺഹാളിന് പി.സി.അഹമ്മദ്ഹാജിയുടെ പേര് നൽകാൻ ബത്തേരി മുനിസിപ്പൽ കൗൺസിൽ യോഗം തീരുമാനിച്ചു. നാമകരണത്തിനെതിരെ വിയോജനകുറിപ്പ് ഇറക്കി യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചെങ്കിലും ബത്തേരി ഗ്രാമപഞ്ചായത്ത് മെമ്പറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി ദീർഘകാലം പ്രവർത്തിച്ച സി.ഭാസ്‌ക്കരന്റെ പേര് നഗരസഭ സ്റ്റേഡിയത്തിനും, മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൾകലാമിന്റെ പേര് സ്വതന്ത്രമൈതാനിക്കും നൽകുന്നതിനും തീരുമാനിച്ചു.
ദീർഘകാലം ബത്തേരി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായി ബത്തേരിയുടെ വികസനങ്ങൾക്ക് അടിത്തറ പാകിയ വ്യക്തിയെന്ന നിലയ്ക്ക് പി.സി.അഹമ്മദ് ഹാജിക്ക് ഉചിതമായ സ്മാരകം നൽകേണ്ടത് നഗരസഭയുടെ കടമയാണെന്ന് നഗരസഭ ചെയർമാൻ ടി.എൽ.സാബു പറഞ്ഞു.

പി.സി.അഹമ്മദിന് അർഹമായ ആദരവ് നൽകിയത് എൽ.ഡി.എഫ്
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി ദീർഘകാലം ഇരുന്ന് വികസനപ്രവർത്തനങ്ങൾക്ക് അടിത്തറപാകിയ മുസ്ലീം ലീഗ് നേതാവ് പി.സി.അഹമ്മദ് ഹാജിക്ക് അർഹമായ ആദരവ് നൽകിയത് ഇടതുപക്ഷം. ബത്തേരി ഗ്രാമ പഞ്ചായത്തിനെ നഗരസഭയായി ഉയർത്തിയതിന് ശേഷം നടന്ന തിരഞ്ഞടുപ്പിൽ അധികാരത്തിൽ വന്ന ഇടതുപക്ഷമാണ് നഗരസഭ ഹാളിൽ പ്രമുഖരോടൊപ്പം പി.സി. അഹമ്മദിന്റെ ഫോട്ടോയും സ്ഥാപിച്ചത്. പി.സി.അഹമ്മദിന്റെ വിയോഗത്തിന് ശേഷം ഭരണത്തിലിരുന്ന യു.ഡി.എഫിന് തോന്നാത്ത കാര്യമാണ് രാഷ്ട്രീയം നോക്കാതെ എൽ.ഡി.എഫ് ചെയ്തത്. ഇപ്പോൾ നഗരസഭ ടൗൺഹാളിന് അദ്ദേഹത്തിന്റെ പേര് നൽകി ആദരിക്കുകയും ചെയ്തു.