മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന് പ്രതിഭാ പുരസ്‌കാരം. വൈത്തിരി വില്ലേജ് റിസോർട്ടിൽ നടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ സമാപന സമ്മേളന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പുരസ്‌കാരം സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നൂതന പദ്ധതികളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.

സംസ്ഥാനത്താദ്യമായി കാർബൺ ന്യൂട്രൽ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയത് ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. ആദിവാസി മേഖലയിലെ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കി. ഗർഭിണികൾക്ക് സൗജന്യ ചികിത്സയും പരിപാലനവും ഉറപ്പ് വരുത്തി. കോളനികളിൽ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയ്ക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനായി കോളനികളിൽ ചികിത്സാ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ഊരുകളിൽ കലാഗ്രൂപ്പുകൾ നിർമ്മിച്ച് ഊരുത്സവങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വനാവകാശ നിയമ പ്രകാരം ഭൂമി ലഭിച്ചവർക്കുള്ള റേഷൻ കാർഡ് അടക്കമുള്ള രേഖകൾ നൽകി.
കുട്ടികൾക്ക് കലാ, കായിക മേഖലകളിൽ അവർക്ക് പരിശീലനം നൽകി വരുന്നുണ്ട്. പദ്ധതിയിലൂടെ ഫുട്‌ബോൾ അക്കാദമി, വോളിബോൾ അക്കാദമി തുടങ്ങിയവ പഞ്ചായത്തിൽ ആരംഭിച്ചു. ശാസ്ത്രീയ നൃത്തങ്ങളിൽൽ പരിശീലനം നൽകി കുട്ടികളുടെ അരങ്ങേറ്റം നൽകുന്നുണ്ട്. 'നോ ഫുട്‌ബോൾ നോ സ്‌കൂൾ' പദ്ധതി, വയോ ക്ലബ്ബുകൾ, വയോജനങ്ങൾക്കായി ആയുർവ്വേദ ആശുപത്രിയിൽ സൗജന്യ ചികിത്സ തുടങ്ങിയവയും നടത്തുന്നുണ്ട്.

ബീന വിജയൻ പഞ്ചായത്ത് പ്രസിഡന്റായ ശേഷം ദേശീയ, സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ 14 അവാർഡുകൾ ഇതിനകം ലഭ്യമായി.