കണിയാമ്പറ്റ: ചക്കിട്ടക്കാട്ട് കോളനിയിലെ ചോർന്നൊലിക്കുന്ന കുടിലുകളിൽ കഴിഞ്ഞിരുന്നവർ ഇനി പുതിയ വീടുകളിൽ. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വരദൂർ മൂന്നാം വാർഡ് ചക്കിട്ടാട്ട് പ്രിയദർശിനി കോളനിയിലെ ഏഴ് കുടുംബങ്ങളാണ് ഒരേ ദിവസം പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്. ഗൃഹപ്രവേശന ചടങ്ങ് നാടിന്റെയും ആഘോഷമായി.

പണിയ സമുദായത്തിൽപെട്ട ഗീത, രാധ, അമ്മിണി, സോന, ഉഷ, ലീല, പാറ്റ എന്നിവരുടെ വീടിനായുള്ള വർഷങ്ങളായുള്ള കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചത്. പഞ്ചായത്തിന്റെ ധനസഹായത്താടെ വാങ്ങിയ ഭൂമിയിലാണ് ലൈഫ് ഭവനപദ്ധതിയുടെ രണ്ടാം ഘട്ടത്തൽ ഇവർക്ക് വീടൊരുങ്ങിയത്. 48 ലക്ഷം രൂപയോളം ചെലവിലാണ് 7 വീടുകൾ നിർമ്മിച്ചത്. ആദ്യഘട്ട ലിസ്റ്റിൽ ഉൾപ്പെടാതെ പോയ മൂന്ന് ഗുണഭോക്താക്കൾക്ക് കൂടി വീടായാൽ കോളനിയിലെ എല്ലാവർക്കും പാർപ്പിടമാകും.പുതിയ കിണർ നിർമ്മിച്ച് കുടിവെളളം നൽകുന്ന പദ്ധതിയും ഇവിടെ പുരോഗമിക്കുകയാണ്.

വീടുകളുടെ താക്കോൽദാനച്ചടങ്ങ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹിയാനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. വീടുകൾക്കുളള എൽ ഇ ഡി ബൾബുകൾ കണിയാമ്പറ്റ പഞ്ചായത്ത് ടി.ഇ.ഒ ഷീജ പി.ജെ വിതരണം ചെയ്തു. ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ സിബി വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി.