കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ശാഹീൻ ബാഗ് സ്‌ക്വയർ അനിശ്ചിതകാല സമരം ഇരുപത് ദിവസം പൂർത്തിയായി. ഇരുപതാം ദിന സമരം സിനിമാ നടൻ മാമുക്കോയ ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റുകൾക്ക് മുന്നിൽ അഡ്ജസ്റ്റ്‌മെന്റ് ജീവിതത്തിന് തയ്യാറല്ലന്ന് അദ്ദേഹം പറഞ്ഞു. ശഹീൻ ബാഗ് സ്‌ക്വയർ ഫാസിസ്റ്റകൾക്കൊപ്പം നിലകൊള്ളുന്നവർ ജീവനെ ഭയപ്പെടുന്നവരാണ്. മോദിയെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. എതിർപ്പ് രേഖപ്പെടുത്തുന്ന കലാകാരന്മാരെയും എഴുത്തുകാരെയും ഫാസിസ്റ്റുകൾ കൊന്നൊടുക്കുകയാണ്. എനിക്കും ചില്ലറ ഭീഷണികളുണ്ടായിട്ടുണ്ട്. എന്നാൽ അത്തരം ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ വിഷയത്തിൽ കേരള ജനതയെ മോദിക്ക് ഒറ്റുകൊടുത്ത ഒറ്റുകാരനാണ് പിണറായി വിജയനെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സമദ് നടേരി അദ്ധ്യക്ഷത വഹിച്ചു. റഹീസ് അഹമ്മദ്, പി.കെ. ഫിറോസ്, പി. ഇസ്മായിൽ, മുജീബ് കാടേരി, പി.ജി. മുഹമ്മദ്, വി.പി. ഇബ്രാഹിം കുട്ടി, സമദ് പൂക്കാട്, സി.കെ.വി. യൂസുഫ്, ടി.ടി. ഇസ്മായിൽ, ഹുസൈൻ ബാഫഖി തങ്ങൾ, അലി കൊയിലാണ്ടി, എ.കെ.കെ. തങ്ങൾ, കെ.കെ. റഫീഖ്, ഒ.കെ. ഫൈസൽ എന്നിവർ പ്രസംഗിച്ചു. എസ്.എം. അബ്ദുൾ ബാസിത്ത് സ്വാഗതവും ഷഫീക്ക് കാരേക്കാട് നന്ദിയും പറഞ്ഞു.