പയ്യോളി: വടകര കാർത്തികപ്പള്ളിയിൽ കാർഗിൽ ബസ് സ്റ്റോപ്പിന് സമീപം പറമ്പത്ത് മൂസയുടെ ഭാര്യ അലീമയെ (60) വെട്ടിപരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ പട്ടർകണ്ടി സമീറയെ (40) പയ്യോളിയിലെത്തിച്ച് തെളിവെടുത്തു. അലീമയുടെ വീട്ടിൽ നിന്ന് കവർന്ന സ്വർണാഭരണങ്ങൾ സമീറ പയ്യോളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് വിറ്റത്.
എടച്ചേരി സി.ഐ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. എ.എസ്.ഐ ജയരാജ്, വനിതാ ഉദ്യോഗസ്ഥരായ രമ്യ, ലീല എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംഭവമറിഞ്ഞ് നിരവധി പേരാണ് പ്രതിയെ കാണാൻ സ്ഥാപനത്തിന് സമീപമെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് സമീപവാസിയും ബന്ധുവുമായ പ്രതി സമീറ അലീമയെ വെട്ടിപരിക്കേൽപ്പിച്ച് ആഭരണവുമായി കടന്നത്. പട്ടാപ്പകൽ നിസ്‌കാര സമയത്ത് വീട്ടമ്മയുടെ വായിൽ തുണി തിരുകിയശേഷം വെട്ടിപ്പരിക്കേൽപിച്ചാണ് 10 പവൻ സ്വർണം കവർന്നത്.
നിസ്‌കാര സമയത്ത് അലീമയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആഭരണവുമായി സമീറ സ്ഥലം വിടുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയ അലീമ വിവരം ഭർത്താവിനോടും പൊലീസിനോടും പറഞ്ഞതോടെയാണ് പ്രതി പിടിയിലായത്.
ഇതിന്റെ തെളിവെടുപ്പാണ് പയ്യോളിയിൽ നടന്നത്.