കൽപ്പറ്റ: ഗുണമേൻമയുള്ള കാപ്പിക്ക് സംസ്കരണത്തിൽ കർഷകർ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങളുമായി കോഫി ബോർഡ്. വിളവെടുത്ത കാപ്പി സിമന്റ് തറയിൽ 8 സെമി കനത്തിൽ നിരത്തിയിടുന്നതാണ് അഭികാമ്യം. ഓരോ മണിക്കൂറും ഇടവിട്ട് ഉണ്ടക്കാപ്പി ഇളക്കിക്കൊടുക്കണം. നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വേണം കാപ്പി ഉണക്കാനിടാൻ. വൈകുന്നേരങ്ങളിൽ ഇവ കൂട്ടിയിട്ട് മൂടുകയും വേണം. ഉണക്ക നിലവാരം തിട്ടപ്പെടുത്തുന്നതിനായി കോഫി ബോർഡ് ടെസ്റ്റ് വെയിറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. കാപ്പി പരിപ്പിന്റെ സാന്ദ്രതയുമായി ബന്ധപ്പെടുത്തി ഒരു ഫോർലിറ്ററിന് നാൽപ്പത് കിലോ തൂക്കം എന്നാണ് കണക്കാക്കിയിരിക്കുന്നത്. പല ചാക്കുകളിൽ നിന്ന് ആവർത്തിച്ചു ലഭിക്കുന്ന തൂക്കത്തിന്റെ ശരാശരി തൂക്കം ടെസ്റ്റ് വെയിറ്റ് ആയിരിക്കും. മോയിസ്റ്റർ മീറ്റർ ഉപയോഗിച്ചും ജലാംശ നിലവാരം അളക്കാം.
ഉണക്കിയ കാപ്പി ചാക്കുകളിൽ സൂക്ഷിക്കുന്നതാണ് ഉചിതം. മരപ്പലകൾക്ക് മേൽ ചാക്കുകൾ അട്ടിയിടാം. തറയിൽ നിന്നോ ചുമരിൽ നിന്നോ ചാക്കട്ടികൾ അകലം പാലിക്കണം. മറ്റു ഗന്ധങ്ങൾ ആഗിരണം ചെയ്യുന്നതിനുള്ള സാധ്യതകൾ ഏറെയായതിനാൽ ചാക്കുകൾ സൂക്ഷിക്കുന്ന മുറിയിൽ കീടനാശിനികളും മറ്റും സൂക്ഷിക്കരുത്.
ജലസേചനം നടത്താൻ സൗകര്യമുള്ള കർഷകർ കാപ്പി വിളവെടുപ്പ് കഴിഞ്ഞ് 15 ദിവസത്തിനകം ചെടികൾ നനയ്ക്കാം. ഒന്നരയിഞ്ച് വെള്ളം ഇറങ്ങുന്ന രീതിയിൽ 6 മുതൽ 8 മണിക്കൂർ വരെയാണ് നനയ്ക്കേണ്ടത്. പൂവിട്ട് 15 ദിവസങ്ങൾക്ക് ശേഷം പിൻനനയും അത്യാവശ്യമാണ്. 45 ദിവസം വൈകിയാൽ ഉത്പാദനം ഇരുപത് ശതമാനം വരെ കുറയും.
കാപ്പിക്കുരു പാകി മുളപ്പിക്കുന്നതിനും അനയോജ്യമായ സമയമാണിത്. 8 മുതൽ 12 ദിവസം വരെ ചാരത്തിൽ മുക്കിയുണങ്ങിയ കാപ്പിക്കുരുവാണ് മുളപ്പിക്കാൻ അനുയോജ്യം. മേൽമണ്ണ്, കമ്പോസ്റ്റ്, ചാണകം, മണൽ എന്നിവ ചേർത്ത മിശ്രിതമാണ് കൂട നിറയ്ക്കാൻ വേണ്ടത്. ബെഡിലാണെങ്കിൽ ഒരിഞ്ച് അകലത്തിലാണ് കാപ്പിക്കുരുകൾ നടേണ്ടത്. അടുത്തുള്ള കോഫി ബോർഡ് ഓഫീസുകളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും.