mk

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറൻസ് കാലതാമസം ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി സെൻട്രൽ ബോർഡ് ഒഫ് ഇൻഡയരക്ട് ടാക്സ് ആൻഡ് കസ്റ്റംസ് ചെയർമാൻ എം അജിത്ത് കുമാർ, ചീഫ് കമ്മീഷണർ, എയർപ്പോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ ചെയർമാൻ അരവിന്ദ് സിംഗ് എന്നിവർക്ക് കത്തയച്ചു. കാലതാമസം ഒഴിവാക്കാൻ കൂടുതൽ മെഷീനുകളും, ജീവനക്കാരുടെ എണ്ണവും വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യം എംപി ഉന്നയിച്ചു.

കരിപ്പൂരിനെ ആശ്രയിക്കുന്നവർ നേരിടുന്ന പ്രശ്നമാണ് കസ്റ്റംസ് ക്ലിയറൻസിലെ താമസം. ഇത് കാരണം യാത്രക്കാർ ഏറേ നേരം വിമാനത്താവളത്തിൽ ചെലവഴിക്കാൻ നിർബന്ധിതരാവുകയാണ്. മണിക്കൂറുകളോളം വരി നിന്ന് സാധന സാമഗ്രികൾ കൈപ്പറ്റേണ്ടിവരുന്നു. ടൂറിസ്റ്റ്കളായി എത്തുന്ന വിദേശികളെയും കസ്റ്റംസ് ക്ലിയറൻസിലെ താമസം വളരെയേറെ ബാധിച്ചിട്ടുണ്ട്. ഇത് മലബാറിന്‍റെ വിനോദസഞ്ചാര മേഖലകളെ പ്രതികൂലമായി ബാധിക്കും.

ഈ വിഷയം വളരെ ഗൗരവമേറിയതാണെന്നും ഇത് പരിഹരിക്കുന്നതിനായി ആവശ്യമായ ജീവനക്കാർ , പ്രവർത്തനക്ഷമമായ രണ്ടാമത്തെ ഡി.എഫ്.എം.ഡി, രണ്ടാമത്തെ ഹാൻഡ് ബാഗേജ് എക്സ്റേ, ഒന്നാമത്തെ കൺവെയർ ബെൽട്ട് എക്സ്റേ, പുതിയ ഫുൾ ബോഡി സ്കാനർ എന്നീ മെഷീനുകൾ ഉടൻ തന്നെ സ്ഥാപിക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.