മാനന്തവാടി: വർഷങ്ങളായിട്ടും യാത്രാ ദുരിതത്തിന് അറുതിയില്ലാതെ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി, കാറ്റാടി, വരിനിലം റോഡ്. ഒരു കീലോമീറ്റർ ദൂരം വരുന്ന റോഡിന്റെ പകുതി ഭാഗം വർഷങ്ങൾക്ക് മുമ്പ് ടാറിംഗ് നടത്തിയതാണ് പിന്നീട് ഇതുവരെയായി ഒരു അറ്റകുറ്റപണിയും നടത്തിയിട്ടില്ല. 500 മീറ്റർ ഭാഗം സോളിംഗ് മാത്രമാണ് നടത്തിയത്. റോഡ് പാടെ തകർന്ന തോടെ കാൽനട യാത്ര പോലും ദുഷ്‌ക്കരമായി.
വരിനിലം ആദിവാസി കോളനിയിലെ 50 ഓളം കുടുംബങ്ങളുടെയും 40 ഓളം മറ്റു കുടുംബങ്ങളുടെയും ആശ്രയമായ റോഡാണിത്. സാംസ്‌ക്കാരിക നിലയം, ആരാധനാലയം എന്നിവയും ഇവിടെയാണ് ഉള്ളത്. കൂടാതെ ജെസ്സിയിൽ നിന്ന് തൃശ്ശിലേരി സ്‌ക്കൂളിലേക്കുള്ള എളുപ്പമാർഗ്ഗമെന്ന നിലയിൽ നിരവധി വിദ്യാർത്ഥികളും ഇതിലൂടെ കാൽനടയായി യാത്ര ചെയ്യുന്നുണ്ട്.
ടാറിംഗ് മുഴുവൻ പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ്. സോളിംഗിനായി പാകിയ കല്ലുകൾ അടർന്ന നിലയിലായതിനാൽ നടന്ന് പോവാനും കഴിയാത്ത നിലയാണ്. ഓട്ടോറിക്ഷകൾ ഇതുവഴി സർവ്വീസ് നിർത്തിവെച്ചതോടെ പ്രദേശവാസികൾ നടന്നാണ് പൊതുനിരത്തിലെത്തുന്നത്. രോഗികളെയും മറ്റും ചുമന്ന് കൊണ്ട് പോകേണ്ട ഗതികേടിലാണെന്ന് നാട്ടുകാർ പറഞ്ഞു.
റോഡ് പ്രവർത്തികൾക്കായി 10 ലക്ഷം രൂപ അനുവദിച്ച എം എൽ എക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ബാനർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തികൾ എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല. അടുത്ത കാലവർഷത്തിന് മുമ്പെങ്കിലും പ്രവർത്തികൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദുരിതം ഇരട്ടിയാവും.