പേരാമ്പ്ര : പേരാമ്പ്ര പ്രത്യാശ ചാരിറ്റബിള്‍ ട്രസ്റ്റിന് കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച പച്ചക്കറികൃഷി അവാര്‍ഡ് ലഭിച്ചു. 2018 - 19 വര്‍ഷത്തെ പച്ചക്കറികൃഷി വികസനപദ്ധതിയുടെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. പ്രത്യാശയിലെ അന്തേവാസികളെ മാനസികമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടി പ്രത്യാശ ഭവന്റെ പറമ്പിലെ 1.5 ഏക്കറോളം സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തത്. കയപ്പ, പയര്‍, പടവലം, വെണ്ട, തക്കാളി, കക്കിരി, ചീര, കാപ്‌സിക്കം, മത്തന്‍, ഇളവന്‍ തുടങ്ങിയ പച്ചക്കറികൾ കൃഷിചെയ്തു. സമ്പൂര്‍ണ ജൈവ പച്ചക്കറികൃഷിയാണ് നടത്തിയത്. കായണ്ണ, നടുവണ്ണൂര്‍ ഹയര്‍സെക്കൻഡറിയിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളും സ്‌കൗട്ട് യൂണിറ്റും കര്‍ഷക അവാര്‍ഡ് ജേതാക്കളായ ഗോപി കെവിസി, പി.കെ. ബാലകൃഷ്ണന്‍, പഴയകാല കര്‍ഷകരും പേരാമ്പ്ര കൃഷിഭവനും സഹായവുമായി കൂടെയുണ്ടായി. അന്തേവാസികളോടൊപ്പം ട്രസ്റ്റ് അംഗങ്ങളായ പ്രദീപന്‍ ടി. മാമ്പള്ളി, എ.കെ. തറുവായിഹാജി, വി. ആലീസ്മാത്യു, ഡോ. അബ്ദുള്‍ഖഫൂര്‍, വസന്ത ചെറിയില്ലത്ത്, എം. രജീഷ് എന്നിവര്‍ കൃഷിക്ക് നേതൃത്വം നല്‍കി. ഒന്നാം സ്ഥാനം നവേദയ ഗ്രന്ഥശാല മണാശേരിക്കാണ് ലഭിച്ചത്.