ayur

കോഴിക്കോട്: അലോപ്പതിയെയും ആയുർവേദത്തെയും സംയോജിപ്പിക്കുന്ന ചികിത്സാരീതിയാണ് രാജ്യത്തിന്റെ ആരോഗ്യസമ്പത്തിന് ആവശ്യമെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഹൈടെക് ആയുർവേദ മെഡിസിറ്റി കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മാത്രമല്ല രാജ്യത്തും അലോപ്പതി ഒരു വഴിക്കും ആയുർവേദം മറ്റൊരുവഴിക്കുമാണ്. ഇത് രണ്ടും ഒരു കുടക്കീഴിലേക്ക് വരണം. ഹൈടെക് ആയുർവേദ മെഡിസിറ്റി കോഴിക്കോട് യാഥർത്ഥ്യമാവുമ്പോൾ ഇവ രണ്ടും ഒരുകുടക്കീഴിലേക്ക് വരുന്നു എന്നതാണ് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതെന്നും സ്പീക്കർ പറഞ്ഞു. ആയുർ മെഡിസിറ്റി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്‌ടർ സിംസാറുൽ ഹഖ് ഹുദവി അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആയുർ മെഡിസിറ്റി കഞ്ഞിപ്പുര പ്രോജക്‌ട് ഉദ്ഘാടനവും അനുഗ്രഹ ഭാഷണവും നടത്തി. ആരോഗ്യമുള്ള ജനത‍യാണ് നാടിന്റെ ആരോഗ്യ സമ്പത്തെന്ന് അദ്ദേഹം പറഞ്ഞു.

മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ, ഇൻസൈറ്റ് മീഡിയാസിറ്റി മാനേജിംഗ് ഡയറക്‌ടർ ആർ. ശ്രീകണ്ഠൻ നായർ, ആയുർമെഡിസിറ്റി ഗ്രൂപ്പ്‌ സ്ഥാപകൻ, മാനേജിംഗ് ഡയറക്ടർ നിഷാമുദ്ദീൻ നൂറുദ്ദീൻ, ആയുർമെഡിസിറ്റി ഗ്രൂപ്പ്‌ സ്ഥാപകൻ, മാനേജിംഗ് ഡയറക്ടർ സലിം ചോലയിൽ, അബ്ദുൾ വഹീദ് ഫർദാൻ അലി ഫർദാൻ, സറാ സയ്യിദ് അദ്‌നാൻ ഹുസൈൻ ഇസാ, ഡോ. ഫൈസൽ സലീഹ് കയാലഹ്, ഷൈഖ് ജാബിർ ഗരീബ് നാസർ ആൽ മസൂദ്, മൺസൂർ ഗരീബ് നാസർ അൽ മസൂദി തുടങ്ങിയവർ സംസാരിച്ചു. ഹൈടെക് ആയുർ മെഡിസിറ്റി മെഡിക്കൽ ഡ‍യറക്‌ടർ ഡോ.ഫെബിന സുൽത്താന സ്വാഗതവും ഡയറക്‌ടർ അബൂബക്കർ പഞ്ചിലി നന്ദിയും പറഞ്ഞു.

ഉദ്ഘാന ചടങ്ങിന്റെ രണ്ടാം സെഷനിൽ ഹൈടെക് ആയുർ മെഡിസിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന പരിപാടിയും നടന്നു. ഇന്നും നാളെയുമായി ആയുർവേദത്തിലേയും അലോപ്പതിയിലേയും വിവിധ ചികിത്സാരീതികൾ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കും. രണ്ടുദിവസങ്ങളിലായുള്ള പരിപാടികളിൽ മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മന്ത്രിമാരായ കെ.ടി.ജലീൽ, ടി.പി. രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.