കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഭക്തിയുടെ നിറവിൽ സമാപനം. മഹാശിവരാത്രി ദിവസമായ ഇന്നലെ പുലർച്ചെ 4.30ന് ദേവനെ പള്ളിയുണർത്തിയ ശേഷം വിശേഷാൽ പൂജയും അഭിഷേകങ്ങളും നടത്തി. കാഴ്‌ച ശ്രീബലിക്ക്‌ ശേഷം മേൽശാന്തി ഷിബുശാന്തിയുടെ കാർമ്മികത്വത്തിൽ നിലവിളക്ക് സമർപ്പണം നടന്നു.

രാത്രി ഒമ്പതിന് ആറാട്ടിന് പുറപ്പെട്ട്, ആറാട്ട്ബലി, ആറാട്ട് കഴിഞ്ഞ് എഴുന്നള്ളിപ്പോടുകൂടി കൊടിയിറങ്ങി. തുടർന്ന് കരിമരുന്ന് പ്രയോഗം നടന്നു. വിശേഷാൽ അഭിഷേകങ്ങൾ, പഞ്ചവിംശതി, കലാശാഭിഷേകം, ശിവരാത്രിവിശേഷാൽ പൂജ എന്നിവയും ഉണ്ടായിരുന്നു. സായ്വേദവാഹിനി (കേരള) ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം വേദപഠന മണ്ഡലം സംയുക്തമായി നടത്തിയ ഏകാദശ രുദ്രജപം, മന്ത്രോച്ചാരണം, ഭജന തുടങ്ങിയവ ഉണ്ടായിരുന്നു. രാത്രി 12ന് പിന്നണി ഗായകൻ അനൂപ് ശങ്കർ നയിച്ച മെഗാ ഗാനമേളയോടെയാണ് മഹോത്സവം സമാപിച്ചത്.
വൈകിട്ട് നാലിന് വനിതാ വിഭാഗം അവതരിപ്പിച്ച അക്ഷരശ്ലോകസദസ് നടന്നു. അഞ്ചിന് നടന്ന ശിവസഹസ്രനാമാർച്ചനയിൽ ആയിരങ്ങൾ പങ്കെടുത്തു.

ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ സമാപന സമ്മേളനവും സമ്മാനദാനവും നടന്നു. വൈസ് പ്രസിഡന്റ് സുന്ദർദാസ് പൊറോളി, ജനറൽ സെക്രട്ടറി സുരേഷ്ബാബു എടക്കോത്ത്, ജോയിന്റ് സെക്രട്ടറി അനേഖ് കെ.വി, ട്രഷറർ കൃഷ്ണദാസ് തച്ചപ്പുള്ളി, സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർ അനിരുദ്ധൻ ഇ, കലാപരിപാടി കമ്മിറ്റി കൺവീനർ പി.വി. ഗംഗാധരൻ എന്നിവർ പങ്കെടുത്തു. പ്രാദേശിക കമ്മിറ്റികൾക്കും ആഘോഷ വരവ് സംഘടിപ്പിച്ച പ്രാദേശിക കമ്മിറ്റികൾക്കുളള സമ്മാനദാനവും നൽകി. ഉത്സവത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികളിലെ വിജയികൾക്ക് സമ്മാനവും നൽകി.
പ്രാദേശിക കമ്മിറ്റികളിൽ ഒന്നാം സ്ഥാനത്ത് കോട്ടൂളി - നെല്ലിക്കോട് പ്രാദേശിക കമ്മിറ്റിയും, രണ്ടാംസ്ഥാനത്ത് എലത്തൂർ പ്രാദേശിക കമ്മിറ്റിയും, മൂന്നാം സ്ഥാനത്ത് വെസ്റ്റ്ഹിൽ - നടക്കാവ് പ്രാദേശിക കമ്മിറ്റിയുമാണ്. കേലാട്ട് അനിൽകുമാർ പ്രഭാത ഭക്ഷണം നൽകി.