മുക്കം:ഹരിത കേരളം പദ്ധതിയിൽ മുഖ്യമന്ത്രിയുടെ അഭിനന്ദനം നേടിയ കാരശ്ശേരി പഞ്ചായത്തിലെ 14, 15 വാർഡുകൾ സമ്പുർണ ശുചിത്വ വാർഡുകളായി പ്രഖ്യാപിക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് രണ്ട് വാർഡുകൾ ഒരുമിച്ച് സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് വാർത്താ സമ്മേളനത്തിൽഅറിയിച്ചു. ഈ വാർഡുകളിലെ വീടുകളിൽ നിന്ന് മാലിന്യങ്ങൾ ജൈവമാലിന്യം, പ്ലാസ്റ്റിക് മാലിന്യം, കുപ്പി ചെരുപ്പ്, ഇ മാലിന്യം എന്നിങ്ങനെ നാലായി തിരിച്ച് ഹരിതകർമസേന ശേഖരിക്കുകയും മുരിങ്ങംപുറായിലുള്ള മെറ്റീരിയൽ കളക്ഷൻ സെന്ററിലെ ത്തിക്കുകയും ചെയ്യും. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളൂം ഹരിത കർമ്മ സേന ശേഖരിക്കും. കോഴിക്കടകളിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരി ക്കുന്നതിന് പുതുപ്പാടിയിലെ " ഫ്രഷ് കട്ട്''എന്ന സ്ഥാപനവുമായി ചേർന്ന് പ്രവർത്തിക്കാനുള്ള നടപടികളും പൂർത്തിയായിട്ടുണ്ടെന്ന് അറിയിച്ചു ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കാരശേരിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണൻ സമ്പുർണ ശുചിത്വ പ്രഖ്യാപനം നടത്തും. ജോർജ് എം തോമസ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡൻറ് വി പി ജമീല, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള കുമാരനെല്ലൂർ എന്നിവരും പങ്കെടുത്തു.