കോഴിക്കോട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയിൽ ജില്ലയിൽ 33000 ഉദ്യോഗാർത്ഥികൾ ഹാജരായി. ആദ്യമായി നടക്കുന്ന കെ.എ.എസ് പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകിയ ഭൂരിപക്ഷം പേരും എത്തിയിരുന്നു. രാവിലെ പത്ത് മുതൽ ആദ്യ പേപ്പറിന്റെയും 1.30 മുതൽ രണ്ടാം പേപ്പറിന്റെയും പരീക്ഷ നടന്നു. 123 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുണ്ടായിരുന്നത്. നഗരത്തിൽ നിന്ന് 40 കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് പരീക്ഷകേന്ദ്രങ്ങൾ സജമാക്കിയിരുന്നത്.
കുടിവെള്ളം, വെളിച്ചം തുടങ്ങയി സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കർശന നിയന്ത്രണങ്ങൾ പ്രയാസം സൃഷ്ടിച്ചെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. ആദ്യമായി എഴുതിയ കെ.എ.എസ് പരീക്ഷ കുഴക്കിയെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ജില്ല പി.എസ്.സി ഓഫീസിലെയും കോഴിക്കോട് മേഖല ഓഫീസിലെയും ജീവനക്കാരാണ് പരീക്ഷ ചുമതലകൾക്ക് നേതൃത്വം നൽകിയത്. പി.എസ്.സി ഉദ്യോഗസ്ഥർ പരിശീലനം നൽകിയ 42 ഹയർ സെക്കൻഡറി അദ്ധ്യാപകരെ ജില്ലയിൽ അഡീഷണൽ ചീഫ് സൂപ്രണ്ടുമാരായി നിയമിച്ചിരുന്നു. കെ.എ.എസ് പ്രാഥമിക പരീക്ഷയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയും ഉദ്യോഗാർത്ഥികളുടെ യാത്രക്കായി സൗകര്യം ഒരുക്കിയിരുന്നു.