കോഴിക്കോട്: പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളുടെ സർക്കാർ ജോലി സ്വപ്നം എത്തിപ്പിടിക്കാൻ ഇനി കുടുംബശ്രീയുടെ കൈത്താങ്ങ്. സംവരണമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താൻ സാധിക്കാത്തവർക്കാണ് കുടുംബശ്രീ പ്രത്യേക പദ്ധതി തയ്യാറാക്കിയത്.
ജില്ലയിലെ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഭ്യാസപരമായി മുന്നിട്ടുനിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി തീവ്രപരിശീലനം നൽകാനാണ് പദ്ധതി. പി.എസ്.സിയുടെ തൊഴിൽ പരീക്ഷകളിൽ ഉയർന്ന റാങ്കുകൾ നേടാൻ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാസമ്പന്നരെ സഹായിക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചത്.
പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി വിവിധ തസ്‌തികകളിലേക്ക് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നത്. ഇവർക്ക് ഒരു വർഷത്തെ പരിശീലനമാണ് നൽകുന്നത്.
തീവ്ര പരിശീലനം
സിലബസ് കേന്ദ്രകരിച്ചുള്ള മോക്ക് പരീക്ഷകളും ഇന്റർവ്യൂ അഭിമുഖീകരിക്കുന്നതിനുള്ള പ്രത്യേക പരിശീലനവും കോഴ്സിന്റെ ഭാഗമായുണ്ട്. കേരളത്തിലെ ബാലുശ്ശേരി, കല്ലാച്ചി എന്നീ കേന്ദ്രങ്ങളിലാണ് കുടുംബശ്രീയുടെ കീഴിലുള്ള സൗജന്യ പി.എസ്.സി പരിശീലന കേന്ദ്രങ്ങളുള്ളത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് പരിശീലനം. കുടുംബശ്രീയുടെ പരിശീലന ഗ്രൂപ്പായ ഏക്സാത്തിനാണ് മേൽനോട്ടച്ചുമതല.
പരിശീലനം ഇങ്ങനെ
ജില്ലയിലെ പരിശീലന കേന്ദ്രങ്ങൾ - 2
പരിശീലനം നേടുന്ന വിദ്യാർത്ഥികൾ - 45
പരിശീലന കാലം - 1 വർഷം