കോഴിക്കോട്: തീവ്രവാദ പ്രവർത്തനത്തിനായി കാറുകൾ തട്ടിയെടുത്ത കേസിൽ കോട്ടയത്ത് അറസ്റ്റിലായ മുഹമ്മദ് റഫീഖിനെ കോഴിക്കോട് സിറ്റി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സിറ്റി പൊലീസ് കമ്മീഷണർ എ.വി. ജോർജ്ജിന്റെ നിർദ്ദേശപ്രകാരത്തെ തുടർന്നാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. മോഷ്ടിച്ച കാറുകൾ തമിഴ്നാട്ടിലേക്കാണ് കടത്തിയത്.
1998ലെ കോയമ്പത്തൂർ സ്‌ഫോടന കേസിൽ 14 വർഷം ജയിൽ ശിക്ഷയനുഭവിച്ച ആളാണ് കോയമ്പത്തൂർ സ്വദേശിയായ മുഹമ്മദ് റഫീഖ് എന്ന തൊപ്പി റഫീഖ്. ഇയാൾക്കെതിരെ കസബ, നടക്കാവ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ജില്ലയിലെ മറ്റു സ്റ്റേഷനുകളുടെ പരിധിയിലുള്ള കാർ മോഷണക്കേസുകളിലും റഫീഖിന് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. മലബാറിൽ മാത്രം 32 ലേറെ കേസുകളിൽ റഫീഖിന് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.
റഫീഖിന്റെ ഫോട്ടോയുൾപ്പെടെ പരാതിക്കാരെ കാണിച്ച ശേഷം പ്രതി ചേർത്ത് കേസെടുക്കാനാണ് തീരുമാനം. കൂടുതൽ കേസുകളിൽ റഫീഖ് പ്രതിയാണെന്ന് കണ്ടെത്തിയാൽ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തും. ഇയാളെ കുറിച്ച് കേന്ദ്ര - സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റഫീഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.
നിരോധിത സംഘടനയായ 'അൽ ഉമ്മ"യ്‌ക്ക് പണം കണ്ടെത്തുന്നതിനാണ് വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചു വിൽക്കുകയാണെന്നും പൊലീസ് സംശയിക്കുന്നു. കസബ, നടക്കാവ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഇന്നോവകാറുകളാണ് റഫീഖ് തട്ടിയെടുത്തത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിയ ശേഷം പതിനായിരം മുതൽ 30,000 രൂപ വരെ വാടകയായി നിശ്ചയിച്ച് മൂന്നു മാസത്തേക്കെന്ന പേരിലാണ് കാറുകൾ കൊണ്ടുപോകുന്നത്. തുടർന്ന് കാറുമായി ഇവർ കടന്നുകളയുന്നതാണ് പതിവ്.