കൽപ്പറ്റ: ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി കോഫി ബോർഡിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന വയനാട് കോഫീ പദ്ധതിയിൽ വയനാട്ടിലെ കാപ്പി കർഷകരിൽ നിന്ന് മാർച്ച് രണ്ടാം വാരം മുതൽ കാപ്പിക്കുരു സംഭരിക്കും. ആദ്യഘട്ടത്തിൽ നിശ്ചയിക്കപ്പെട്ട പഞ്ചായത്തുകളിലെ ബ്രഹ്മഗിരി കോഫീ കർഷക ഫെഡറേഷൻ അംഗങ്ങളായ കർഷകരിൽ നിന്നാവും കാപ്പി സംഭരിക്കുക.
ഈർപ്പ പരിശോധനകൾക്കുള്ള കോഫീ ലാബ് ഉപകരണങ്ങൾ സജ്ജമാക്കുന്ന പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. മാർക്കറ്റ് നിരക്കിനെക്കാൾ ഉയർന്ന വില കർഷകർക്ക് ലഭ്യമാക്കും.
ഏപ്രിൽ ആദ്യവാരത്തിൽ ബ്രഹ്മഗിരി റോസ്റ്റ് ഗ്രൗണ്ട് കോഫീ വിപണിയിൽ ഇറക്കും. കണിയാമ്പറ്റയിൽ ആധുനിക മെഷിനറിക്കുള്ള ഫാക്ടറി യൂണിറ്റ് സ്ഥാപിച്ചു. കമ്മീഷനിംഗ് നടത്തി ഉൽപ്പാദനം ആരംഭിച്ച് മതിയായ സ്റ്റോക്ക് ആകുന്ന മുറയ്ക്ക് വയനാട് ആർ ആൻഡ് ജി കോഫീ വിപണിയിലെത്തിക്കാനാവും.
കോഫീ ബോർഡിന്റെ പിന്തുണയോടെ സഹകരണ മേഖലയിലെ ആദ്യത്തെ ബ്രാൻഡഡ് ഇൻസ്റ്റന്റ് കോഫി ഉൽപ്പാദനത്തിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ബ്രഹ്മഗിരി വയനാട് കോഫീ ഗ്രോവേഴ്സ് ഫെഡറേഷനിൽ ജില്ലയിലെ എല്ലാ കാപ്പി കർഷകർക്കും അംഗത്വം നൽകും. മലബാർ കോഫി പദ്ധതിയുടെ ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ജില്ലയിലെ സന്നദ്ധരായ എല്ലാ കർഷകർക്കും ജൈവ സർട്ടിഫിക്കേഷൻ പദവി ലഭ്യമാക്കാനും ഉൽപ്പാദന മേഖലയിൽ സ്വയംപര്യാപ്തത നേടാനും വയനാട് കോഫീ പദ്ധതിയിലൂടെ സാധിക്കും.
അഞ്ചുവർഷം കൊണ്ട് കാപ്പി കാർഷികോൽപ്പാദന സംസ്‌ക്കരണ വ്യാപാരമേഖലയിൽ സ്വയം പര്യാപ്തത നേടുന്ന ജില്ലയായി വയനാടിനെ മാറ്റുകയാണ് ലക്ഷ്യം.