കോഴിക്കോട്: ഗവ. ആഴ്ച്ചവട്ടം ഹയർ സെക്കന്ററി സ്‌കൂളിലെ കിണറിൽ പെയിന്റ് ഒഴിച്ച സാമൂഹ്യ വിരുദ്ധരെ പിടികൂടിയില്ല. സംഭവം നടന്ന ഒരാഴ്ചയായിട്ടും അന്വേഷണത്തിൽ ഒരു പുരോഗമനവുമില്ലാത്തിനാൽ സ്‌കൂൾ പി.ടി.എ പ്രതിഷേധിച്ചു.
പ്രിൻസിപ്പൾ ബീനപൂവ്വത്തിലും പി.ടി.എ ഭാരവാഹികളും കസബ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ചെന്ന് അന്വേഷണം ശക്തമാക്കാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 13നാണ് സ്‌ക്കൂളിലെ കിണർ വെള്ളത്തിൽ സാമൂഹ്യവിരുദ്ധർ പെയിന്റ് ഒഴിച്ച് മലിനമാക്കിയത്. സംഭവത്തെ തുടർന്ന് സ്‌കൂളിന് രണ്ട് ദിവസം അവധിയും നൽകിയിരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കിണർ വെള്ളം പരിശോധനക്കെടുത്തിരുന്നു. തുടർന്ന് കിണർ വെള്ളം വറ്റിക്കുകയും വെള്ളം ശുചീകരിക്കുകയും ചെയ്തതിന് ശേഷമാണ് നിലവിൽ ഉപയോഗിച്ച് വരുന്നത്.
അംഗനവാടി മുതൽ എൽ.പി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിലെ എല്ലാ ആവശ്യങ്ങൾക്കും ഈ കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള പെയിന്റ് ആയതിനാലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കുറ്രക്കാരെ പിടികൂടിയില്ലെങ്കിൽ ഇത്തരം പ്രവർത്തനങ്ങൾ തുടരുമോ എന്ന ആശങ്ക പി.ടി.എക്കുണ്ട്. സ്കൂളിന് കോർപ്പറേഷൻ കുടിവെള്ള കണക്ഷൻ എടുക്കണമെന്ന ആവശ്യവും ശക്തമാണ്.