കോഴിക്കോട്: മാർച്ച് മാസമായാൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് പിടിപ്പത് പണിയാണ്. ഫണ്ടുകൾ ലാപ്സാകാതിരിക്കാൻ കഴിയുന്നത്ര ചെലവഴിക്കാനുള്ള ഓട്ടത്തിലാവും അധികൃതർ. ഫണ്ട് തീർക്കാൻ ധൃതി പിടിച്ച് പണി നടത്തുകയാണ് കോഴിക്കോട് കോർപ്പറേഷൻ. നഗരത്തിലെ റോഡുകളും ഓവുചാലുകളും പൊളിച്ച് കെട്ടുന്ന തിരക്കിലാണ് കോർപ്പറേഷൻ ജീവനക്കാർ. അനവധി റോഡുകളാണ് കോർപ്പറേഷൻ പരിധിയിൽ പുതുക്കി പണിയുന്നത്. സാധാരണ മേൽ ടാറിംഗ് നടത്തി പുതുക്കുന്നതിന് പകരം കിളച്ചെടുത്ത് ടാറിംഗ് നടത്തുകയാണ് എടക്കാട് - ഈസ്റ്റ്ഹിൽ റോഡ്. ഇത്തരത്തിൽ കോർപ്പറേഷൻ പരിധിയിൽ പല റോഡുകളും പുതുക്കാൻ തുടങ്ങിയിട്ട് രണ്ടു മാസമായി. ബസ്സ് സർവീസ് നിർത്തിവെച്ചാണ് പലയിടത്തും പണി. ഇരുവശവും ഓവു ചാലും പണിയുന്നു. എടക്കാട് റോഡിൽ ഇനിയും പണി തീർന്നിട്ടില്ല. കാര്യമായ തകരാറൊന്നും പറ്റാത്ത ഈ റോഡ് കിളച്ചെടുത്ത് ടാറിംഗ് നടത്തുന്നതെന്തിനാണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അതുപോലെ എടക്കാട് - അത്താണിക്കൽ റോഡിലെ നിലവിലുള്ള നല്ല ഓവുചാൽ പൊളിക്കുന്നതും നാട്ടുകാരെ അത്ഭുതപ്പെടുത്തുന്നു. പല സ്ഥലത്തും പൊളിച്ചത് അതേ പോലെ പുതുക്കി പണിയുകയും ചെയ്യുന്നത് ദുരൂഹമാണെന്ന് പരിസരവാസികൾ പറയുന്നുമുണ്ട്.