കൽപ്പറ്റ: ജില്ലയിലെ ഗോത്ര വിഭാഗക്കാരായ കുട്ടികൾക്ക് കായിക മേഖലയിൽ കൂടുതൽ പ്രാധാന്യം നൽകണമെന്ന് സ്‌പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സികുട്ടൻ പറഞ്ഞു. സ്‌പോർട്സ് കൗൺസിൽ ഓഫീസിന്റെ പുതിയ കെട്ടിടം സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഗോത്ര വിഭാഗത്തിലുള്ള കുട്ടികൾ കൂടുതലായുള്ള ജില്ലയിൽ അവർക്കായി പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യണം. മലയോര മേഖലയിലെ കുട്ടികൾ കായിക മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവരാണെന്നും മേഴ്സികുട്ടൻ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ജില്ലയിലും കേന്ദ്രീകൃത ഹോസ്റ്റൽ സംവിധാനമൊരുക്കാൻ സ്‌പോർട്സ് കൗൺസിൽ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് അതത് ജില്ലകളിൽ തന്നെ താമസിച്ച് പരിശീലനം നേടാൻ ഇത് വഴി സാധിക്കുമെന്നും അവർ പറഞ്ഞു.

സ്‌പോർട്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ് സ്‌പോർട്സ് ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജി.വി രാജ അവാർഡ് നേടിയ കൃഷ്ണകുമാറിനെ ചടങ്ങിൽ ആദരിച്ചു. കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് യൂസഫ്, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എം.മധു, സെക്രട്ടറി എ.ടി ഷൺമുഖൻ, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എം.ആർ രഞ്ജിത്ത്, കെ. റഫീഖ്, ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത തുടങ്ങിയവർ പങ്കെടുത്തു.