കോഴിക്കോട്: കേരളീയ യുവത്വത്തെ ലോകത്തെ ഏറ്റവും കരുത്തുറ്റ തൊഴിൽ ശക്തിയാക്കി മാറ്റുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ നൈപുണ്യമേളയായ ഇന്ത്യ സ്‌കിൽസ് കേരള 2020 ത്രിദിന നൈപുണ്യോത്സവം കോഴിക്കോട് സ്വപ്‌നനഗരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളിലെ അനുദിന മാറ്റങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളുടെയും തൊഴിലന്വേഷകരുടെയും കഴിവുകളും നൈപുണ്യ ശേഷിയും വളർത്തിയെടുക്കണം. ഈ ലക്ഷ്യത്തോടെ വിപുലമായ നൈപുണ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. നൈപുണ്യ വികസനത്തിനായി നൈപുണ്യനയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി കരട് നൈപുണ്യ നയം ഉടൻ ചർച്ചയ്ക്കായി അവതരിപ്പിക്കും. ഇന്ത്യ സ്‌കിൽസ് 2020ന്റെ ദേശീയ മത്സരങ്ങൾ കേരളത്തിൽ നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള വ്യാവസായിക പരിശീലനവകുപ്പും സംസ്ഥാന നൈപുണ്യവികസനമിഷനായ കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസും(കെയ്‌സ്) സംയുക്തമായാണ് ഇന്ത്യ സ്‌കിൽസ് കേരള മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മത്സരാർത്ഥികളുടെ മാർച്ച് പാസ്റ്റ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
എ. പ്രദീപ്കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡെപ്യൂട്ടി മയർ മീര ദർശക്, ജില്ലാ കളക്ടർ എസ്. സാംബശിവറാവു, നാഷണൽ സ്‌കിൽ ഡെവലപ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് മാനേജർ ഇന്ദിര താക്കൂർ, സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. കെ. രവിരാമൻ, പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്, ഒ.ഡി.ഇ.പി.സി ചെയർമാൻ എൻ. ശശിധരൻ നായർ, സബ് കളക്ടർ ജി. പ്രിയങ്ക, തുടങ്ങിയവർ പങ്കെടുത്തു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ സ്വാഗതവും തൊഴിൽ പരിശീലനവകുപ്പിന്റെയും കെയ്‌സിന്റെയും മാനേജിംഗ് ഡയറക്ടർ എസ്. ചന്ദ്രശേഖർ നന്ദിയും പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 60 പ്രതിനിധികളും കേന്ദ്ര നൈപുണ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.