img202002

മുക്കം: കാർഷികവൃത്തിയിൽ ഒന്നാമനാകാൻ ഒരു ഒന്നാം ക്ലാസുകാരന്റെ പരിശ്രമം. പാടത്തും പറമ്പിലുമല്ല, വീടിന്റെ പരിസരത്തും വീട്ടുമുറ്റത്തുമാണ് ഈ ഒന്നാം ക്ലാസുകാരൻ ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നത്. പന്നിക്കോട് ഗവ. എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി സിനാൻ ആണ് ഈ കുട്ടികർഷകൻ. പൊലുകുന്നത്ത് ഷംസുദ്ദീന്റെയും ജസീദയുടെയും മകനാണ് സിദാൻ. മുറ്റം നിറയെ നിരത്തിയ പോളിത്തിൻ ബാഗുകളിൽ പയർ, വെണ്ട,വഴുതിന തുടങ്ങി വിവിധ ഇനം പച്ചക്കറികളാണ്. കഴിഞ്ഞവർഷവും വേനൽക്കാലത്ത് ഇതുപോലെ പച്ചക്കറി കൃഷി നടത്തി വിജയിച്ച അനുഭവം ഈ ഒന്നാം ക്ലാസുകാരനുണ്ട്. രാവിലെ സ്കൂളിൽ പോകുന്നതിനു മുമ്പും വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലെത്തിയതിനു ശേഷവുമുള്ള സമയമാണ് സിനാൻ കൃഷിക്ക് ഉപയോഗിക്കുന്നത്. ഉണക്കിപൊടിച്ചചാണകവും കരിയിലകൾ കത്തിച്ചു കിട്ടുന്ന ചാരവും മറ്റുമാണ് വളം. വളപ്രയോഗവും വെള്ളം നനയ്ക്കലുമെല്ലാം സിനാൻ തന്നെയാണ് ചെയ്യുന്നത്. മാതാപിതാക്കളുടെ പ്രോത്സാഹനവുമുണ്ട്. സ്കൂളിലെ കൃഷി പ്രോത്സാഹിപ്പിക്കുന്ന നടപടികളും കൃഷിപാഠം സംബന്ധിച്ച ബോധവത്കരണ ക്ലാസുകളുമാണ് സിനാന് പ്രചോദനം.