കോഴിക്കോട്: വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കാൻ മുൻകരുതലുകളെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി അറിയിച്ചു. രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണം. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാദ്ധ്യത മുൻനിർത്തി തൊഴിൽസമയം പുനഃക്രമീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ വെയിൽലേറ്റ് ജോലി ചെയ്യരുത്.

മാദ്ധ്യമ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയം കുട ഉപയോഗിക്കണം. ഇത്തരം ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ ദാഹം തോന്നിയില്ലെങ്കിലും ഇടയ്‌ക്കിടെ വെള്ളം കുടിക്കണം. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ കുട്ടികൾ നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.

നിർജ്ജലീകരണം തടയാൻ കുടിവെള്ളം കുപ്പിയിൽ കരുതണം. പരമാവധി ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ ഒഴിവാക്കണം. കട്ടി കുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ പരുത്തിവസ്ത്രങ്ങൾ ധരിക്കണം. പരീക്ഷാകാലമായതിനാൽ സ്‌കൂൾ അധികൃതരും, രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധ ചെലുത്തണം. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.

പഞ്ചായത്ത് അധികൃതരും അംഗണവാടി ജീവനക്കാരും ജാഗ്രത പാലിക്കണം. വേഗത്തിൽ സൂര്യതാപമേൽക്കാൻ സാദ്ധ്യതയുള്ളതിനാൽ പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റുരോഗംമൂലം അവശതയിലുള്ളവർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവർ രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റു വാഹനങ്ങളിലും കുട്ടികളെയോ പ്രായമായവരെയോ ഇരുത്തിയിട്ട് പോകരുത്. ഇനിയും ചൂട് ഉയരാനും സാദ്ധ്യതയുണ്ട്. ആളുകൾക്ക് സൂര്യതാപവും സൂര്യാഘാതവും ഏൽക്കാൻ സാദ്ധ്യതയുള്ളതിനാൽ മുന്നറിയിപ്പ് ജാഗ്രതയോടെ എടുക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.