കൽപ്പറ്റ: ദേശീയ പാത 766ന്റെ ബദൽ പാത സംബന്ധിച്ച്

സി.കെ.ശശീന്ദ്രൻ എം.എൽ.എ യുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. ഒരു എം.എൽ.എ മറ്റൊരു എം.എൽ.എയ്‌ക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.

ദേശീയപാത 766 ന് ബദൽ പാത ഇല്ലെന്നു തന്നെയാണ് തന്റെയും കർമ്മ സമിതിയുടെയും നിലപാട്. താൻ കർമ്മ സമിതിയുടെ ചെയർമാൻ സ്ഥാനത്ത് ഇരിക്കുമ്പോഴും രാജിവച്ചപ്പോഴും നിലപാടിൽ മാറ്റമില്ല. ബദൽ പാത സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് താൻ ആർക്കും ഒരു കത്തും നൽകിയിട്ടില്ല. ഉണ്ടെങ്കിൽ അത് ജനങ്ങളെ കാണിക്കാൻ ആരോപണമുന്നയിക്കുന്നവർ ബാധ്യസ്ഥരാണ്. അല്ലാതെ ജനങ്ങളെ രണ്ടുതട്ടിലാക്കുന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല.

ഒരു അഭിഭാഷക സംഘമാണ് അഫിഡവിറ്റ് തയ്യാറാക്കിയത്. ഈ സംഘം തയ്യാറാക്കിയ അഫിഡവിറ്റ് അല്ല കോടതിയിൽ കൊടുത്തിരിക്കുന്നത്. അന്ന് തയ്യാറാക്കിയ അഫിഡവിറ്റിൽ ബദൽ പാത ഉണ്ടായിരുന്നില്ല. പിന്നീട് എഴുതിച്ചേർത്തത് സി.പി.എം ആണെന്നും സി.പി.എം ഇതിനു മറുപടി പറയണമെന്നും ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.

തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങളെ ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം പറഞ്ഞു.