കൊയിലാണ്ടി: എസ്എആർബിടിഎം മുചുകുന്ന് ഗവ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പുതിയ കോഴ്‌സ് ആരംഭിക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ കെ ടി ജലീൽ പ്രസ്താവിച്ചു. സംസ്ഥാന സർക്കാർ അടുത്ത വർഷം ആരംഭിക്കാൻ തീരുമാനിച്ച കോഴ്‌സുകളിലൊന്നായിരിക്കും ഇവിടെ ആരംഭിക്കുക. ബന്ധപ്പെട്ടവരുമായി നടക്കുന്ന ചർച്ചകൾക്കുശേഷം ഏത് കോഴ്‌സാണെന്ന് തീരുമാനിക്കും. മുചുകുന്ന് കോളേജിൽ നിർമിക്കുന്ന എട്ടു കോടി രൂപയുടെ അക്കാദമിക ബ്ലോക്കിന്റേയും രണ്ടു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മെൻസ് ഹോസ്റ്റലിന്റേയും ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ദാസൻ എം.എൽ.എ അദ്ധ്യക്ഷനായി. അസി.എക്‌സിഎൻജിനീയർ റോണി പി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഎം ശോഭ, ജില്ലാ പഞ്ചായത്തംഗങ്ങളായ ശാലിനി ബാലകൃഷ്ണൻ, എം.പി അജിത, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി എന്നിവർ സംസാരിച്ചു.