ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മന്ത്രി ടി.പി.രാമകൃഷ്ണൻ ഇന്ന് നിർവ്വഹിക്കും. വൈകീട്ട് 4ന് പനങ്ങാട് നോർത്ത് എ.യു.പി സ്കൂളിൽ ചടങ്ങ് നടക്കും.

ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലഭിച്ചതിന്റെ നിറവിൽ നില്ക്കുന്ന പഞ്ചായത്തിന് ഈ വാർഷികാഘോഷ പരിപാടികൾക്ക് പത്തരമാറ്റിന്റെ തിളക്കമുണ്ട്. കഴിഞ്ഞ വർഷം ജില്ലയിലെ ഒന്നാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പനങ്ങാടിനായിരുന്നു. പത്ത് മിനിറ്റുകൾ കൊണ്ട് പത്തു തരം സർട്ടിഫിക്കറ്റുകൾ നല്കാൻ കഴിയാവുന്ന തരത്തിൽ ഈ ഓഫീസിനെ ചിട്ടപ്പെടുത്തി കഴിഞ്ഞു.

പനങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താനും വൈകീട്ട് 6 മണി വരെ പ്രവർത്തിക്കുന്ന ഒ.പി. സൗകര്യവും ലബോറട്ടറിയും ഇ ഹെൽത്ത് സംവിധാനവും ഒരുക്കിക്കഴിഞ്ഞു. ഐ.സ്.ഒ. സർട്ടിഫിക്കേഷൻ, കായകൽപ്പ അവാർഡ്, കാഷ് അക്രഡിറ്റേഷൻ എന്നിവയും ഇവിടെ ലഭിച്ചു. കേരളത്തിലെ ആദ്യത്തെ ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് നേടുന്ന ആശുപത്രിയായി തലയാട് ആയുർവേദ ആശുപത്രി മാറ്റാനായതും എടുത്തു പറയേണ്ട കാര്യമാണ്. ലൈഫ് പദ്ധതിയിലൂടെ 353 കുടുംബങ്ങൾക്ക് വീട് ഒരുക്കിക്കഴിഞ്ഞു. അംഗ പരിമിതരായ 20 പേർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ, തൊഴിലുറപ്പ് പദ്ധതിയിലൂടെ 300 ലേറെ റോഡുകൾ, 262 കിണറുകൾ റീ ചാർജിംങ് ഇ ങ്ങനെ നീളുന്നു പഞ്ചായത്തിന്റെ വികസന പട്ടിക.

വാർത്താ സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.എം.കമലാക്ഷി, വൈസ് പ്രസിഡൻറ് പി.ഉസ്മാൻ , വി.എം.കുട്ടിക്കൃഷ്ണൻ, കെ.വി.ദാമോദരൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുക്മാൻ. എം.പി എന്നിവർ പങ്കെടുത്തു.