കോഴിക്കോട്: കോഴിക്കോടിനെയും ഇന്ത്യയെയും ചെസിന്റെ ലോകത്ത് വളർത്തിയ ഫിഡെ മുൻ വൈസ് പ്രസിഡന്റ് പി.ടി. ഉമ്മർകോയ ക്രൂശിക്കപ്പെട്ടപ്പോൾ മലയാളികൾ കുറ്റകരമായ മൗനം പാലിച്ചെന്നും ആ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ഹോട്ടൽ അളകാപുരി ഓഡിറ്റോറിയത്തിൽ വിജിൽ ഹ്യൂമൻ റൈറ്റ്സ് സംഘടിപ്പിച്ച ചടങ്ങിൽ പി.ടി. ഉമ്മർകോയ അനുസമരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പി.എസ്. ശ്രീധരൻപിള്ള രചിച്ച 'ചെസിന്റെ കുതിപ്പും കുരുക്കും" എന്ന പുസ്‌തകത്തിന്റെ പ്രകാശനവും നടന്നു. ഡൽഹി സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്‌സ് ആൻഡ് കസ്റ്റംസ് ചെയർമാർ ഡോ. ജോൺ ജോസഫ്, കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂറിന് നൽകി പ്രകാശനം ചെയ്‌തു.
പി.വി. ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. അഡ്വ. വിനോദ് സിംഗ് ചെറിയാൻ, പി.എ. ഹംസ, കെ. അബൂബക്കർ, കെ. രത്നകുമാർ, എ.എം. കുഞ്ഞിമൊയ്തീൻ, ഡോ. കെ. മൊയ്‌തു, പി.ജെ. ജോഷ്വ, അഡ്വ. ജോസഫ് തോമസ്, ടി.എച്ച്. വത്സരാജ് എന്നിവർ സംസാരിച്ചു.