കോഴിക്കോട്: ദേശീയ ഹരിതസേന നഗരത്തിൽ നടപ്പാക്കുന്ന ശുചിത്വകർമ്മ - ബോധവത്കരണ കാളാണ്ടിത്താഴത്ത് ജില്ലാ കളക്ടർ എസ്. സാംബശിവറാവു ഉദ്ഘാടനം ചെയ്തു. കനാലിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് നീക്കിക്കൊണ്ടാണ് കളകടർ ഉദ്ഘാടനം നിർവഹിച്ചത്.
കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പിന്തുണയോടെ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, പൊതു വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ക്ലീൻ ബീച്ച് മിഷൻ, ഗ്രീൻ പാർട്ടണർ ഇനിഷേറ്റീവ്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, ദർശനം ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണം.
കൗൺസിലർ പി.കെ. ശാലിനി അദ്ധ്യക്ഷത വഹിച്ചു. ക്ലീൻ ബീച്ച് മിഷൻ കോർഡിനേറ്റർ ഡോ. സിജേഷ് എൻ. ദാസ്, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ ദിൽഷാദ്, കെ.കെ. ഗംഗാധരൻ, പി. സിദ്ധാർത്ഥൻ, കെ.കെ. സഹീർ, പി.ടി. സന്തോഷ് കുമാർ, കെ. രാധാകൃഷ്ണൻ, എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ഗവ എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർ എം.കെ. സജീവ് കുമാർ, ദർശനം ഗ്രന്ഥശാല സെക്രട്ടറി കെ.പി. ജഗന്നാഥൻ, എം.പി. ഹമീദ് , എൻ.ജി.സി ജില്ലാ കോ- ഓർഡിനേറ്റർ എം.എ. ജോൺസൺ, ദർശനം ജോയിന്റ് സെക്രട്ടറി കെ.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.
സ്വഛത ആക്ഷൻ പ്ലാനിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കൽ, കുളം നവീകരണം, വിദ്യാലയങ്ങളിൽ ക്ലാസുകൾ, ഒറ്റത്തവണ പ്ലാസ്റ്റിക് കവറുകൾക്ക് പകരം ചെടികൾ നട്ടുപിടിപ്പിക്കുന്ന പാളക്കവറു നിർമ്മാണ പരിശീലനം, കാർബൺ ന്യൂട്രാലിറ്റിക്ക് ക്വാർട്ടേഴ്‌സുകളിൽ ഫലവൃക്ഷത്തൈ നട്ടു പിടിപ്പിക്കൽ, അദ്ധ്യാപകർക്ക് എൽ.ഇ.ഡി ബൾബ് അസംബ്ലിംഗ് പരിശീലനം തുടങ്ങിയവ മാർച്ച് എട്ട് വരെ നടത്തും.