പേരാമ്പ്ര: കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിൽ പ്ലാറ്റിനം ജൂബിലി പേരാമ്പ്ര മേഖല ആഘോഷം മേപ്പയ്യൂരിൽ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. “ഗ്രന്ഥശാലകളും സാമൂഹ്യ വികാസവും” എന്ന വിഷയത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കമ്മിറ്റിയംഗം ബി.സുരേഷ് ബാബു ,നവകേരള നിർമിതിയിൽ ഗ്രന്ഥശാലകളുടെ പങ്ക് എന്ന വിഷയത്തിൽ ഡോ: ജിനേഷ് കുമാർ എരമം എന്നിവർ പ്രഭാഷണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കുഞ്ഞിരാമൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണു, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി.രാജൻ, കെ.ടി.ബി കൽപത്തൂര് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം സി. കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ആദ്യകാല ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിച്ചു.