മുക്കം: ആദിവാസികൾക്കും പട്ടിക വർഗ്ഗ വിഭാഗക്കാർക്കുമായുള്ള കൂമ്പാറ ഗവ. ട്രൈബൽ എൽ.പി സ്‌കൂളിന്റെ നിലനിൽപ്പിന് സ്വകാര്യ പാറ ക്വാറി ഭീഷണിയാകുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ ഏഴാം വാർഡിലെ കുന്നിൻ ചരുവിലുള്ള സ്‌കൂളിന് സമീപം രണ്ടു കിലോമീറ്റർ ഉയരത്തിലുള്ള കരിങ്കൽ ക്വാറിയാണ് ഭീഷണിയാകുന്നത്. സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന 160 വിദ്യാർത്ഥികളാണ് ഈ സ്‌കൂളിലുള്ളത്.
സ്‌കൂളിന്റെ മുകളിൽ ചരിഞ്ഞുക്കിടക്കുന്ന പ്രദേശത്തുള്ള ക്വാറി ഇതിനോടകം തന്നെ കുന്നിന്റെ ഒരു ഭാരം ഇടിച്ചു നിരത്തിക്കഴിഞ്ഞു. കുന്നിടിച്ച മണ്ണ് ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. ക്വാറിയിലെ ഖനനത്തിന്റെ പ്രകമ്പനമുണ്ടാകുമ്പോൾ ഈ മണ്ണ് വീണ്ടുകീറി തീഴേക്ക് വീഴുന്ന നിലയിലാണ്. ഇത് വിദ്യാർത്ഥികൾക്ക് ഭീഷണിയാകുമെന്നാണ് രക്ഷാകർത്താക്കളുടെയും നാട്ടുകാരുടെയും പരാതി.
പ്രളയ കാലത്ത് ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. കുന്നിടിച്ച മണ്ണ് തോടിനോട് ചേർന്നാണ് കിടക്കുന്നത്. ഈ മണ്ണും കല്ലും പുഴയിലെത്തിയാൽ കൂമ്പാറ അങ്ങാടിയും ട്രൈബൽ എൽ.പി സ്‌കൂളും നിരവധി വീടുകളും അവകടത്തിലാവും. 2018ലെ പ്രളയത്തിൽ എൽ.പി സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പുണ്ടായിരുന്നു. എന്നാൽ മലവെള്ളം ഇരച്ചു കയറിയതിനെ തുടർന്ന് ക്യാമ്പ് മറ്റൊരു സ്കൂളിലേക്ക് മാറ്റുകയായിരുന്നു. അടുത്ത അദ്ധ്യായന വർഷത്തിലും ക്വാറിയുടെ പ്രവർത്തനം തുടർന്നാൽ കുട്ടികളെ സ്‌കൂളിലേക്ക് വിടേണ്ടതില്ലന്ന തീരുമാനത്തിലാണ് രക്ഷാകർത്താക്കൾക്കുള്ളതെന്ന് പി.ടി.എ ഭാരവാഹികൾ പറയുന്നു. ക്വാറിയുടെ പ്രവർത്തനാനുമതി റദ്ദാക്കി സ്‌കൂളിന്റെ പ്രവർത്തനം സുഗമമാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാകളക്ടർ, ചൈൽഡ് ലൈൻ അധികൃതർ, തഹസിൽദാർ, ജിയോളജി വകുപ്പ്, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, എ.ഇ.ഒ, ഡി.ഡി.ഇ തുടങ്ങിയവർക്കെല്ലാം പരാതി നൽകിക്കഴിഞ്ഞു.
കൂമ്പാറ ട്രൈബൽ സ്‌കൂൾ ഇങ്ങനെ
ആകെയുള്ള വിദ്യാർത്ഥികൾ - 160
ക്വാറി സ്ഥിതിചെയ്യുന്നത് സ്‌കൂളിന് രണ്ട് കിലോമീറ്റർ മുകളിൽ
ക്വാറി കുന്നിൽ നിന്നിടിച്ച മണ്ണ് സ്‌കൂളിന് ഭീഷണിയെന്ന് പരാതി
പ്രളയകാലത്ത് ഇവിടെ മണ്ണിടിഞ്ഞിരുന്നു
മണ്ണും കല്ലും പുഴയിലേക്കിറങ്ങിയാൽ നാട്ടുകാർക്ക് ഭീഷണി
ക്വാറിയുടെ പ്രവർത്തനം തുടങ്ങിയാൽ കുട്ടികളെ വിടില്ലെന്ന് രക്ഷാകർത്താക്കൾ
ക്വാറിക്കെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നൽകി