കോഴിക്കോട്: മീനുകളുടെ ലഭ്യതക്കുറവും പട്ടിണിയിലും കടുത്തവേനലിൽ മത്സ്യത്തൊഴിലാളികളെ കണ്ണീരിലാഴ്‌ത്തുന്നു. മീൻ ലഭിക്കാതായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ബോട്ടുകളും വള്ളങ്ങളും കരയ്‌ക്ക് കയറ്റി. ബേപ്പൂർ, പുതിയാപ്പ ഹാർബറുകളിലെ ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിന് പോയിട്ട് ദിവസങ്ങളായി.
വലിയ ബോട്ടുകൾ കടലിൽ പോകുന്നുണ്ടെങ്കിലും കാര്യമായി മീൻ ലഭിക്കുന്നില്ല. ഇവ കടുത്ത നഷ്ടത്തിലാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. വലിയ ബോട്ടുകൾ കടലിൽ പോയി വരണമെങ്കിൽ ഒരു ലക്ഷം രൂപ വരെ ചെലവാകും. എന്നാൽ ഇതിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല. വായ്‌പാ അടവുകളും തെറ്റിയതും മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി. മൂന്നു മാസമായി ഇതാണവസ്ഥ. മീൻ ലഭ്യത കുറഞ്ഞതോടെ ഹാർബറുകളിലെ കയറ്റുമതിയും നിലച്ചു. തൊഴിൽ സംരക്ഷിക്കാനും കടലിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാനും സർക്കാർ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം
മീനെത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്ന്
തമിഴ്നാട്, ഗോവ, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്കിപ്പോൾ മീനെത്തുന്നത്.
അയലയും മത്തിയും കിട്ടാക്കനി
കടലിൽ ചൂട് കൂടിയതോടെ മത്സ്യങ്ങൾ കൂട്ടമായി തീരം വിടുകയാണ്. കേരള തീരത്ത് സുലഭമായി ലഭിച്ചിരുന്ന മത്തി, അയല, മാന്തൾ തുടങ്ങിയവ കിട്ടാക്കനിയായി. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ മീൻപിടിത്തവുമാണ് മീൻകുറയാൻ കാരണമെന്ന് തൊഴിലാളികളും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.
അശാസ്ത്രീയ മത്സ്യബന്ധനത്തിനെതിരെ നടപടിയില്ല
അശാസ്ത്രീയ മത്സ്യബന്ധനം മീൻ കുറയാൻ കാരണമായെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ പറയുമ്പോഴും അതിനെതിരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. കൃത്രിമ പാര് നിർമ്മിച്ച് മീൻ പിടിക്കുന്ന് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് ഇപ്പോഴും തുടരുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പികൾ, പഴയ ടയർ, തെങ്ങിന്റെ കൊതുമ്പ്, മണൽ നിറച്ച ചാക്ക്, കാറ്റാടിക്കമ്പുകൾ എന്നിവ ചേർത്തു കടലിൽ കൃത്രിമമായി പാരുകൾ നിർമ്മിക്കുന്നത് തുടരുകയാണ്. ഇലക്ട്രിക് ഉപകരണത്തിന്റെ സഹായത്തോടെ ഇവിടം അടയാളപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലുള്ള പാരുകളിൽ കൂന്തളുകൾ കൂട്ടമായെത്തി മുട്ടയിയിടും. ഇങ്ങനെയെത്തുന്നവയെ നാലഞ്ച് ദിവസങ്ങൾക്ക് ശേഷം ഇലക്ട്രിക് ഉപകരണത്തിന്റെ സഹായത്തോടെ പിടികൂടും. ഈ മാലിന്യങ്ങൾ വള്ളങ്ങളിലും ബോട്ടുകളിലും കുടുങ്ങി അപകടമുണ്ടാകുന്നത് പതിവാകുകയാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
പ്രശ്നങ്ങൾ പലത്
ബോട്ടുകളും വള്ളങ്ങളും കടലിൽ പോയിട്ട് മൂന്ന് മാസം
വലിയ ബോട്ടുകൾക്ക് കാര്യമായി മീൻ ലഭിക്കുന്നില്ല
വലിയ ബോട്ട് കടലിൽ പോയി വരാനുള്ള ചെലവ്- 1 ലക്ഷം
മീനില്ലാതായതോടെ തൊഴിലാളികളുടെ വായ്പാ അടവ് തെറ്റി
ഹാർബറുകളിലെ മീൻ കയറ്റുമതി നിലച്ചു
മത്തിയും അയലയും മാന്തളും കിട്ടാക്കനി
കടലിലെ കൃത്രിമ പാരുകൾ മത്സ്യബന്ധനത്തിന് തിരിച്ചടി